എന്റെ മിത്രത്തോട് ശത്രുത വെച്ച് പുലർത്തുന്നവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

അബു ഹുറൈറ رضي الله عنه വിൽ  നിന്ന്,  പ്രവാചകൻ ﷺ പറഞ്ഞു :

അല്ലാഹു പറഞ്ഞു :

“എന്റെ മിത്രത്തോട് ശത്രുത വെച്ച് പുലർത്തുന്നവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
എന്റെ ദാസന്റെ മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് ഏറ്റവും പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവന്ന് എന്റെ സാമീപ്യം നേടുക സാധ്യമല്ല. എന്റെ അടിമ സുന്നത്തായ കാര്യങ്ങൾ കൊണ്ട് എന്നിലേക്ക്‌ അടുത്ത് കൊണ്ടിരിക്കും,  ഞാൻ അവനെ ഇഷ്ടപ്പെടുന്നത് വരെ. ഞാൻ അവനെ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കൈയും അവൻ നടക്കുന്ന കാലും ഞാൻ ആകും. അവൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാനവന്ന് നൽകും അവനെന്നോട് അഭയം ചോദിച്ചാൽ ഞാനവന്ന് അഭയം നൽകും “

📕ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്‍തത്.

ഈ ഹദിസിന്റെ വിശദീകരണത്തിൽ – ഷെയ്ഖ് സ്വാലിഹ് അൽഫൗസാൻ حفظه الله പറഞ്ഞു :

“…ഞാൻ അവനെ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കൈയും അവൻ നടക്കുന്ന കാലും ഞാൻ ആകും… “ എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം ;

ഈ കാര്യങ്ങളിലെല്ലാം അല്ലാഹു അവന്ന് നേർവഴി കാണിച്ചു കൊടുക്കുകയും അതിലേക്കു നയിക്കുകയും ചെയ്യും.  അല്ലാഹു ഇഷ്ടപെടുന്ന കാര്യങ്ങളിലേക്ക്‌ മാത്രമേ അവന്റെ കണ്ണിനെ നയിക്കുകയുള്ളൂ. അല്ലാഹു ഇഷ്ടപെടുന്ന, തൃപ്തിപെടുന്ന കാര്യങ്ങൾ മാത്രമേ അവൻ ചെവി കൊണ്ട് കേൾക്കുകയുള്ളൂ. അല്ലാഹു വെറുക്കുന്ന ഇഷ്ടപെടാത്ത കാര്യങ്ങളെ തൊട്ട് അവന്റെ കണ്ണിനെ അവൻ താഴ്‌ത്തും. അതുപോലെ അല്ലാഹുവിന്റെ തൃപ്തിയില്ലാത്ത ഒന്നും തന്നെ ഈ ചെവി കൊണ്ടവൻ കേൾക്കുകയില്ല. ഇവയെല്ലാം അല്ലാഹുവിന്റെ അനുസരണയിലേക്ക്‌ അവൻ ഉപയോഗിക്കും.

“അവൻ പിടിക്കുന്ന കൈ” അത് അല്ലാഹുവിന്റെ ആകും എന്ന് പറഞ്ഞാൽ,  അല്ലാഹുവിന്ന് വേണ്ടി അല്ലാതെ അവൻ അത് കൊണ്ട് എടുക്കുകയോ കൊടുക്കുകയോ ഇല്ല. അതായത് അല്ലാഹുവിന്റെ അനുസരണക്കും തൃപ്തിക്കും  വേണ്ടിയല്ലാതെ അവനത് ഉപയോഗിക്കുകയില്ല.

അതുപോലെ “അവൻ നടക്കുന്ന കാലും “(അല്ലാഹു ആവും) എന്ന് പറഞ്ഞാൽ,  അല്ലാഹുവിന്റെ തൃപ്തിയിലേക്കല്ലാതെ അവൻ പോകുകയില്ല. പള്ളികളിലേക്കും,  കുടുംബം ചേർക്കുന്നതിലേക്കും, അല്ലാഹുവിന്റെ അനുസരണയിലേക്കും അവൻ പോകും. തീയേറ്ററുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ തിന്മകളുടെ സ്ഥലങ്ങളിലേക്കൊന്നും അവൻ പോകില്ല. അതുപോലെ “അവൻ നടക്കുന്ന കാലും “(അല്ലാഹു ആവും) എന്ന് പറഞ്ഞാൽ,  അല്ലാഹുവിന്റെ തൃപ്തിയിലേക്കല്ലാതെ അവൻ പോകുകയില്ല. പള്ളികളിലേക്കും,  കുടുംബം ചേർക്കുന്നതിലേക്കും, അല്ലാഹുവിന്റെ അനുസരണയിലേക്കും അവൻ പോകും. തീയേറ്ററുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ തിന്മകളുടെ സ്ഥലങ്ങളിലേക്കൊന്നും അവൻ പോകുകയില്ല.

കാരണം അവന്റെ കാൽപാടുകൾ അവന്ന് എതിരായി എഴുതി വെക്കപ്പെടും. ഇനി അവൻ നല്ലതിലേക്കാണ് നടന്നതെങ്കിൽ അവന്റെ കാലടികൾ അവന്ന് നന്മകളായി എഴുതപ്പെടും.

അവന്റെ കേൾവി, കാഴ്‌ച, കൈ, കാൽ തുടങ്ങിയവയുടെ കാര്യത്തിൽ അവന്ന് തൗഫീഖ് നൽകപെടും. അവൻ അല്ലാഹുവിന്റെ അടുക്കൽ ഉപകാരപ്പെടുന്ന ഒരു സംഗതിയിലേക്കല്ലാതെ അവൻ പോകുകയില്ല, കാണുകയില്ല, കേൾക്കുകയില്ല, കൈ ഉപയോഗിക്കുകയുമില്ല.

ഈ ഖൈറിനുള്ള കാരണം അല്ലാഹുവിലേക്ക് അവൻ ഫർളുകൾ കൊണ്ടും,  അതിനു ശേഷം നവാഫിലുകൾ കൊണ്ടും സാമീപ്യം തേടി എന്നതാണ്. ആരാണോ ഈ യോഗ്യത ഉദ്ദേശിക്കുന്നത് അവൻ അവന്റെ ഫർളുകൾ സംരക്ഷിക്കട്ടെ (ചെയ്യട്ടെ ).  അവന്ന് സാധിക്കുന്ന രൂപത്തിൽ നവാഫിലുകൾ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടട്ടെ.

المنحة الربانية في شرح الأربعين النووية

വിവർത്തനം : അബു അദ്നാൻ സജീർ وفقه الله