അഹ്ലുസുന്നത്തി വൽ ജമാഅ അല്ലാഹുവിന്റെ ഖദറിൽ വിശ്വസിക്കുന്നതോടൊപ്പം ഒരടിമക്ക് പല കാര്യങ്ങളിലും സ്വാതന്ത്ര്യവും കഴിവുമുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാൽ അള്ളാഹുവിന്റെ അറിവോടെയും ഉദ്ദേശത്തോടെയും കൂടിയല്ലാതെ ഈ പ്രപഞ്ചത്തിൽ ഒരു ചലനവും സംഭവിക്കുന്നില്ല.
അല്ലാഹു പറയുന്നു:
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.
പ്രപഞ്ചത്തിലുള്ളതെല്ലാം തന്നെ അല്ലാഹുവിന്റെ സൃഷ്ടിയാണ്.
അല്ലാഹു പറയുന്നു:
ٱللَّهُ خَٰلِقُ كُلِّ شَىْءٍۖ
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു.
അല്ലാഹു പറയുന്നു:
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.
അതോടൊപ്പം അടിമക്കും മശീഅത്തും (ഉദ്ദേശ്യവും) ഖുദ്റത്തും (കഴിവും) ഉണ്ടെന്ന് അഹ്ലുസുന്ന വിശ്വസിക്കുന്നു. എന്നാൽ അടിമയുടെ ഉദ്ദേശ്യം അല്ലാഹുവിന്റെ ഉദ്ദേശത്തിന്റെ കീഴിലാകുന്നു.
അല്ലാഹു പറയുന്നു:
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
എന്നാൽ ചിലയാളുകളോട് “നീ നിന്റെ പാപങ്ങളിൽ നിന്ന് മടങ്ങൂ” എന്ന് പറയപെട്ടാൽ, “അള്ളാഹു എനിക്ക് ഇതാണ് വിധിച്ചത്” എന്ന് പറഞ്ഞു അള്ളാഹുവിന്റെ ഖദറിനെ അവന്റെ പാപങ്ങൾക്ക് ന്യായമാക്കുന്നത് കാണാൻ സാധിക്കും.
എന്നാൽ അല്ലാഹുവിന്റെ ഖദർ ഒരിക്കലും ഒരു പാപിക്ക് പാപങ്ങൾ ചെയ്യാനുള്ള ന്യായമല്ല.
ശൈഖ് ഉഥൈമീൻ رحمه الله പറഞ്ഞു:
അല്ലാഹുവിന്റെ ഖദർ ഒരു പാപിക്ക് പാപങ്ങൾ ചെയ്യാനുള്ള ന്യായമല്ല.
മുമ്പ് പ്രസ്താവിച്ചതു പോലെ അടിമകൾ അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും, ധിക്കരിച്ചുകൊണ്ടും ചെയ്യുന്നതായിട്ടുള്ള പ്രവർത്തികൾ എല്ലാം തന്നെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു.
പക്ഷെ അതിൽ ഒരു പാപിക്ക് പാപങ്ങൾ ചെയ്യാനുള്ള ന്യായമല്ല .
ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തിലാകുന്നു അത്, അതിൽ പെട്ടതാണ്:
1.അല്ലാഹു ഒരു അടിമയുടെ പ്രവർത്തി അവനിലേക്കുതന്നെ ചേർത്തുപറയുകയും, അവന്റെതന്നെ സമ്പാദ്യം ആക്കുകയും ചെയ്തു എന്നത്,
അല്ലാഹു പറയുന്നു:
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْۚ
ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്കപ്പെടും.
പ്രവർത്തിയിൽ ഒരു അടിമയ്ക്ക് സ്വന്തമായി തിരഞ്ഞെടുക്കുവാനുള്ള കഴിവും, അത് പ്രവർത്തിക്കുവാനുള്ള കഴിവും ഇല്ലായിരുന്നെങ്കിൽ ആ പ്രവർത്തി അവനിലേക്ക് ചേർക്കപ്പെടുകയില്ലായിരുന്നു.
2. തീർച്ചയായും അല്ലാഹു ഒരു അടിമയോട് (ചിലത്) കല്പിക്കുകയും, അവനെ (ചിലതിൽനിന്ന്) വിലക്കുകയും ചെയ്തിരിക്കുന്നു, എന്നാൽ ഒരടിമയുടെ മേൽ അവന്റെ കഴിവിൽ പെട്ടതല്ലാത്ത ഭാരം ചുമത്തിയിട്ടില്ല,
അല്ലാഹു പറയുന്നു:
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.
فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ
നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.
ആ പ്രവർത്തിയാൽ (അതിൽ യാതൊരു കഴിവും ഇല്ലാത്തവണ്ണം അവൻ)
നിർബന്ധിതനാക്കപെട്ടവനായിരുന്നെങ്കിൽ, അത് പ്രവർത്തിക്കുവാനോ, അല്ലെങ്കിൽ അതിനെ തടഞ്ഞു നിർത്തുവാനോ അവന് സാധിക്കുകയില്ലായിരുന്നു; അതെന്തന്നാൽ നിർബന്ധിക്കപെട്ടവന് ആ പ്രവർത്തിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുകയില്ല.
3.എല്ലാവരും തന്നെ, സ്വയം തിരഞ്ഞെടുത്തു ചെയ്യുന്ന പ്രവർത്തിയും, നിർബന്ധിക്കപ്പെട്ട് ചെയ്യുന്ന പ്രവർത്തിയും തമ്മിലുള്ള വ്യത്യാസം അറിയുന്നവരാണ്. അതിൽ ആദ്യത്തേതിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുന്നതാണ് എന്നതും എല്ലാവർക്കും അറിയാവുന്നതാണ്.
4. തീർച്ചയായും ഒരു പാപിക്ക് താൻ പാപത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായിക്കൊണ്ട് തന്റെ മേൽ എന്താണ് വിധിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയുകയില്ല. അവന് അത് പ്രവർത്തിക്കുവാനോ ഒഴിവാക്കുവാനോ സാധിക്കുന്നതാണ്. പിന്നെയെങ്ങനെയാണ് തെറ്റായ മാർഗത്തിൽ പ്രവേശിക്കുകയും (അവന്) അറിയാതിരുന്ന അല്ലാഹുവിന്റെ വിധിനിർണയത്തെ (പാപം ചെയ്യാൻ) ന്യായമാക്കുകയും ചെയ്യുക? അവന് ഏറ്റവും യോജിച്ചത് ശരിയായ മാർഗത്തിൽ പ്രവേശിക്കുകയും, എന്നിട്ട് “ഇതാണ് എനിക്ക് വിധിക്കപെട്ടത്” എന്ന് പറയുകയും ചെയ്യലല്ലേ?
5.തീർച്ചയായും (ജനങ്ങൾക്ക്) ന്യായം ഇല്ലാതാക്കാൻ വേണ്ടിയാണ് അള്ളാഹു
പ്രവാചകൻമാരെ നിയോഗിച്ചതെന്ന് അവൻ അറിയിച്ചു തന്നിരിക്കുന്നു,
അല്ലാഹു പറഞ്ഞു:
لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ
ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്.
ഖദർ ഒരു പാപിക്കുള്ള ന്യായമായിരുന്നെങ്കിൽ റസൂലുകളുടെ നിയോഗമനം കൊണ്ട് (ആ ന്യായം) ഇല്ലാതാകുമായിരുന്നില്ല.
🖋വിവർത്തനം:
അബൂ അബ്ദിറഹ്മാൻ മുഹമ്മദ് അൽ മലൈബാരി وفقه الله