ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ വിധി. - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

പുതുവർഷം (ന്യൂ ഇയർ) ആഘോഷിക്കുന്നതിന്റെ വിധിയെന്താണ്? ജൂതന്മാരും നസാറാക്കളുമെല്ലാം ഈ ദിവസം എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയും അവരുടെ വീടുകളും കടകളും അലങ്കരിക്കുകയും ചെയ്യുന്നു. എന്നാൽ മുസ്ലിങ്ങളിൽ ചിലർ ഈ ദിവസത്തെ അവരുടെ വിവാഹങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കുമുള്ള പ്രത്യേക ദിവസമായി കാണുകയും ഇതിന്റെ ആശംസകൾ അറിയിച്ചുകൊണ്ടും സന്തോഷിച്ചുകൊണ്ടും അവരുടെ ഷോപ്പുകളിലും കമ്പനികളിലുമെല്ലാം പോസ്റ്ററുകൾ പതിക്കുകയും ഈ ദിവസം ആഘോഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ ദിവസത്തെ (ന്യൂ ഇയർ) മഹത്വപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ വിധിയെന്താണ്?

[അല്ലജ്നത്തു:ദ്ദാഇമ: | സഊദി ഉന്നത പണ്ഡിത സഭ]. നൽകിയ ഫത്.വ

അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായതാണ് ഇസ്ലാം. ഹിദായത്തിനു വേണ്ടിയും നേരായ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതിനുള്ള തൗഫീഖിന് വേണ്ടിയും ഒരു സത്യവിശ്വാസി അവന്റെ നമസ്കാരങ്ങളിൽ അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കണം. ഈ ചൊവ്വായ മാർഗം അത് അല്ലാഹു അനുഗ്രഹിച്ച നബിമാരുടെയും സ്വിദ്ധീഖീങ്ങളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും മർഗമാണ്. പിഴച്ചുപോയ നസാറാക്കളുടെയോ ജൂതന്മാരുടെയോ മറ്റു കാഫിറുകളുടെയോ മുശ്രിക്കുകളുടെയോ മാർഗമല്ല.
ഈ സത്യം അവൻ മനസ്സിലാക്കിയാൽ, ഈ മഹത്തായ അനുഗ്രഹത്തെ അവൻ വിലമതിക്കുകയും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും വിശ്വാസം കൊണ്ടും അല്ലാഹുവിനോട് ശുക്ർ ചെയ്യുകയും ഈ അനുഗ്രഹം നിലനിർത്തുന്നതിനും അവനിൽ നിന്ന് എടുത്തുകളയപ്പെടാതിരിക്കാനുമുള്ള മാർഗങ്ങൾ തേടലും അവന് നിർബന്ധമാണ്. ഫിത്നകൾ നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത് മുസ്ലിങ്ങളിൽ അധികമാളുകളും, ഇസ്ലാമിനെ തകർക്കാനും അതിന്റെ പ്രകാശത്തെ കെടുത്താനും മുസ്ലീങ്ങളെ ദീനിൽ നിന്ന് അകറ്റാനും ഇസ്ലാമുമായുള്ള അവരുടെ ബന്ധം മുറിക്കാനും അവരെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും തെറ്റിക്കാനും റസൂൽ കൊണ്ടുവന്നതിൽ വിശ്വസിക്കുന്നതിനെതൊട്ട് തടയാനും ഇസ്ലാമിന്റെ ശത്രുക്കൾ അവർക്ക് സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്നില്ല.
അല്ലാഹു പറയുന്നു:

وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّاراً

(നിങ്ങൾ ഈമാൻ സ്വീകരിച്ചതിനു ശേഷം നിങ്ങളെ കാഫിറുകളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽപെട്ട അധികമാളുകളും ആഗ്രഹിക്കുന്നത്.) ഖുർആൻ 2:109

وَدَّت طَّآئِفَةٌ مِّنْ أَهْلِ الْكِتَابِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلاَّ أَنفُسَهُمْ وَمَا يَشْعُرُونَ

(വേദക്കാരിൽ ഒരു വിഭാഗം നിങ്ങളെ വഴിതെറ്റിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുകയാണ്. യഥാർത്ഥത്തിൽ അവർ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. അവരത് അറിയുന്നില്ല.) ഖുർആൻ 3:69

يَا أَيُّهَا الَّذِينَ آمَنُوَاْ إِن تُطِيعُواْ الَّذِينَ كَفَرُواْ يَرُدُّوكُمْ عَلَى أَعْقَابِكُمْ فَتَنقَلِبُواْ خَاسِرِينَ

(ഹേ മുഅ്‌മിനുകളേ, കാഫിറുകളെ നിങ്ങൾ അനുസരിച്ചുപോയാൽ അവർ നിങ്ങളെ പുറകോട്ട് (ശിർക്കിലേക്ക്) തിരിച്ചു കൊണ്ടുപോകും. അങ്ങിനെ നിങ്ങൾ നഷ്ടക്കാരായിമാറിപ്പോകും.) ഖുർആൻ 3:149

قُلْ يَا أَهْلَ الْكِتَابِ لِمَ تَصُدُّونَ عَن سَبِيلِ اللّهِ مَنْ آمَنَ تَبْغُونَهَا عِوَجاً وَأَنتُمْ شُهَدَاء وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُون


(പറയുക: ഹേ വേദക്കാരേ, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അതിനെ വളച്ചൊടിക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു!? (ആ മാർഗമാണ് ശരി എന്നതിന്) നിങ്ങൾ തന്നെ സാക്ഷികളാണല്ലോ. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.)
ഖുർആൻ 3:99

എന്നാൽ ഇങ്ങനെയെല്ലാം ഉണ്ടായിരിക്കെത്തന്നെ അവന്റെ കിതാബിനെയും ദീനിനെയും സംരക്ഷിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

(തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.)

അല്ലാഹുവിന് സർവ്വ സ്തുതിയും.

റസൂൽ صلى الله عليه وسلم പറഞ്ഞു:

“എന്റെ സമുദായത്തിൽ നിന്നും സത്യത്തിൽ അടിയുറച്ചു നിൽക്കുന്ന ഒരു വിഭാഗം എല്ലായിപ്പോഴും ഉണ്ടായിരിക്കും. അവരെ ഉപേക്ഷിക്കുന്നവരോ അവരോട് എതിരാകുന്നവരോ ഖിയാമത്ത് നാൾ വരേയും അവർക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല.”

അല്ലാഹുവിന് സർവ്വ സ്തുതിയും.

നമ്മെയും മുസ്ലീങ്ങളായ നമ്മുടെ സഹോദരങ്ങളെയും ആ വിഭാഗത്തിലാക്കാൻ നമ്മൾ അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.
ഇതും ഇതുപോലെയുള്ള മറ്റു ആഘോഷങ്ങളും സത്യവും അസത്യവും കൂടിക്കലരുന്നതിൽ നിന്നോ കുഫ്റിലേക്കും മറ്റു തിന്മകളിലേക്കും ക്ഷണിക്കുന്നതിൽ നിന്നോ മുക്തമല്ല. ഇതെല്ലാം ഇസ്ലാം നിരോധിച്ചതുമാണ്. ഈ ആഘോഷങ്ങളിൽ എല്ലാ മതങ്ങളും ഒന്നാണ് എന്ന് അവർ വാദിക്കുന്നു, എന്നിട്ട് ഇസ്ലാമിനെ മറ്റുപിഴച്ച മതങ്ങളുമായും വിശ്വാസങ്ങളുമായും തുല്യമാക്കുന്നു. ഇത്തരം സന്ദർഭങ്ങൾ ഒരു മുസ്ലിമിനെ അവന്റെ ദീനിൽ നിന്ന് തെറ്റിച്ച് കളയാനുള്ള കാരണങ്ങളാകുന്നു.

ഖുർആനും സുന്നത്തും കാഫിറുകളെ അനുകരിക്കുന്നതിനെ ശക്തമായി നിരോധിച്ചിട്ടുണ്ട്. ഈ നിരോധനത്തിൽ അവരുടെ ആഘോഷങ്ങളും മതാചാര ചടങ്ങുകളും ഉൾപ്പെടും. ഇത്തരം ആചാരങ്ങൾ അവരുടെ മതത്തിൽ ഉള്ളതായിരിക്കാം, ഇല്ലാത്തതായിരിക്കാം. എന്നാൽ അവയെല്ലാം അല്ലാഹുവിന്റെ ദീനിൽ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. അവരുടെ ആഘോഷളെ അനുക്കരിക്കരുതെന്ന് അല്ലാഹു ഒരായത്തിൽ പറയുന്നുണ്ട്:

وَالَّذِينَ لَا يَشْهَدُونَ الزُّورَ

(വ്യാജത്തിന് സാക്ഷി നിൽക്കാത്തവരും) ഖുർആൻ 25:72

ഇതാണ് അല്ലാഹുവിന്റെ മുഅ്‌മിനായ അടിമയുടെ ഒരു ഗുണം.
സലഫുകളിൽ പെട്ട ഇബ്നു സീരീൻ, മുജാഹിദ്, റബീഅ്‌ ബിനു അനസ് എന്നീ പണ്ഡിതന്മാർ “الزور” എന്നതിന് നൽകിയ അർത്ഥം “കാഫിറുകളുടെ ആഘോഷങ്ങൾ” എന്നാണ്.

അനസ് ഇബ്നു മാലികിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസിൽ, റസൂൽ മദീനയിൽ എത്തിയപ്പോൾ, അവിടെയുള്ള ആളുകൾക്ക് രണ്ടു ആഘോഷ ദിവസങ്ങൾ ഉണ്ടായിരുന്നു. അവർ പറഞ്ഞു: “ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ് ഞങ്ങൾ ഈ ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു.” റസൂൽ അവരോട് പറഞ്ഞു: “ഈ ദിവസങ്ങൾക്കു പകരമായി അതിനേക്കാൾ നല്ല രണ്ടു ആഘോഷ ദിവസങ്ങൾ അല്ലാഹു നിങ്ങൾക്ക് നൽകിയിരിക്കുന്നു. ഈദുൽ അദ്ഹയും ഈദുൽ ഫിത്റും.”

(അഹ്മദ്, അബൂ ദാവൂദ്, നസാഈ)

ഉമർ ഇബ്നുൽ ഖത്താബ് رضي الله عنه പറഞ്ഞു: “മുശ്രിക്കുകളുടെ ആഘോഷ ദിവസങ്ങളിൽ അവരുടെ ആരാധനാ സ്ഥലങ്ങളിൽ നിങ്ങൾ പ്രവേശിക്കരുത്, കാരണം അല്ലാഹുവിന്റെ കോപം നിങ്ങളുടെ മേൽ ഇറങ്ങും.”

മുസ്ലീങ്ങൾ കാഫിറുകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ അല്ലാഹു വിലക്കിയിരിക്കുന്നു. അതിനുള്ള കാരണങ്ങളിൽ ചിലത്:

1). അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുക വഴി വ്യാജമായ അവരുടെ വിശ്വാസങ്ങളിൽ അവർക്ക് സന്തോഷവും സംതൃപ്തിയും തോന്നും.

2.) ബാഹ്യമായ കാര്യങ്ങളിൽ അവരെ അനുകരിക്കലും അവരോട് സാദൃശ്യപ്പെടലും അവരുടെ മനസ്സിലുള്ള പിഴച്ച വിശ്വാസങ്ങളെ അനുകരിക്കുന്നതിലേക്ക് നയിക്കുകയും നിന്റെ മനസ്സിനെ ആ വിശ്വാസങ്ങൾ അതിജയിക്കുന്നതിലേക്കെത്തിക്കുകയും ചെയ്യും.

3.) ഇതിന്റെ ഗുരുതരമായ ഭവിഷ്യത്തുകളിൽ പെട്ടതാണ്: ബാഹ്യമായി അവരെ അനുകരിക്കുന്നതിലൂടെ നിന്റെ ഹൃദയത്തിൽ അവരോട് സ്നേഹവും സൗഹാർദ്ദവും ഉണ്ടാകുക എന്നത്. അവരോടുള്ള സ്നേഹം ഈമാനിനെ ഇല്ലാതാക്കുന്നതാണ്. അല്ലാഹു പറഞ്ഞതു പോലെ:

يَا أَيُّهَا الَّذِينَ آمَنُواْ لاَ تَتَّخِذُواْ الْيَهُودَ وَالنَّصَارَى أَوْلِيَاء بَعْضُهُمْ أَوْلِيَاء بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللّهَ لاَ يَهْدِي الْقَوْمَ الظَّالِمِينَ

(ഹേ മുഅ്‌മിനുകളേ, യഹൂദരെയും നസാറാക്കളെയും നിങ്ങൾ മിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ അന്യോനം മിത്രങ്ങളാണുതാനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ മിത്രങ്ങളായി സ്വീകരിക്കുന്നപക്ഷം അവനും അവരിൽ പെട്ടവൻ തന്നെയാണ്.)

ഖുർആൻ 5:51

لَا تَجِدُ قَوْماً يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ (الآية)

(അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കുന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത് നീ കണ്ടെത്തുകയില്ല.)

ഖുർആൻ 58:22

4.) മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, അല്ലാഹുവിനെ തന്റെ റബ്ബായും ഇസ്ലാമിനെ തന്റെ മതമായും റസൂൽ صلى الله عليه وسلم യെ തന്റെ നബിയായും വിശ്വസിക്കുന്ന ഒരു മുസ്ലിമിന്, ദീനിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ആഘോഷങ്ങൾ നടത്താൻ പാടുള്ളതല്ല. അതിന് സാക്ഷിയാകുന്നതിനോ അതിൽ പങ്കെടുക്കുന്നതിനോ ഏതെങ്കിലും രൂപത്തിൽ അതുമായി സഹകരിക്കുന്നതിനോ അതിനെ സഹായിക്കുന്നതിനോ അവന് അനുവാദമില്ല. ഇനി അവൻ അപ്രകാരം ചെയ്താൽ അത് തിന്മയിലും അക്രമത്തിലുമുള്ള സഹായമാണ്.

അല്ലാഹു പറഞ്ഞു:
“നിങ്ങൾ നന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കുക. തിന്മയിലും അക്രമത്തിലും നിങ്ങൾ സഹകരിക്കരുത്, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”.

ഖുർആൻ 5:2

5.) കാഫിറുകളുടെ ആഘോഷത്തിന്റെ കാര്യത്തിൽ അവരുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കാൻ (അവരുടെ ആഘോഷങ്ങൾക്ക് പ്രചാരം നൽകുക, ആശംസ കാർഡുകളും നോട്ടുബുക്കുകളും അറിയിപ്പുകളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, ആ ദിവസത്തിൽ സമ്മാനങ്ങൾ നൽകുക, പ്രതേക ഓഫറുകൾ പ്രഖ്യാപിക്കുക, കായിക മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവ…) ഒരു മുസ്ലിമിന് അനുവാദമില്ല.

6.) ഒരു മുസ്ലിമിനെ സംബന്ധിച്ച് ഈ ദിവസങ്ങൾ പുതിയ കച്ചവടം തുടങ്ങുന്നതിനോ വിവാഹം കഴിക്കുന്നതിനോ ശ്രേഷ്‌ഠമായ ദിവസങ്ങളാണെന്ന് വിശ്വസിക്കാനോ അവധി ദിനങ്ങളായി പരിഗണിക്കാനോ പാടില്ല. കാരണം ഇത് മറ്റു ദിവസങ്ങൾ പോലെ തന്നെയാണ്. ഇത്തരം തെറ്റായ വിശ്വാസങ്ങൾ അതിന്റെ യാഥാർഥ്യത്തെ ഇല്ലാതാക്കുന്നില്ല. അത്തരം വിശ്വാസങ്ങൾ പാപത്തിന്മേൽ പാപങ്ങളല്ലാതെ മറ്റൊന്നുമല്ല. അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു.

7.) കാഫിറുകളെ അവരുടെ ആഘോഷ ദിവസങ്ങളിൽ ആശംസ അറിയിക്കലും അനുമോദിക്കലും നിഷിദ്ധമാണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. കുരിശിന് മുൻപിൽ സുജൂദ് ചെയ്യുന്നവനെ അഭിനന്ദിക്കുന്നത് അല്ലാഹുവിന്റെ അടുക്കൽ, കള്ളുകുടിക്കുകയോ വ്യഭിചരിക്കുകയോ ഒരാളെ അന്യായമായി കൊല്ലുകയോ ചെയ്യുന്നവനെ അഭിനന്ദിക്കുന്നതിനെക്കാൾ ഗുരുതരമാണ്. ഇസ്ലാമിനെ വിലമതിക്കാത്തവർ ഈ തെറ്റിൽ വീണുപോകുന്നു. അവർ ചെയ്യുന്നതിന്റെ വൃത്തികേട് എന്താണെന്ന് അവർ അറിയുന്നില്ല. തിന്മ ചെയ്യുകയോ ബിദ്അത്ത് ചെയ്യുകയോ കുഫ്ർ ചെയ്യുകയോ ചെയ്തതിന്റെ പേരിൽ ഒരാളെ ആരെങ്കിലും പുകഴ്ത്തിയാൽ അവൻ അല്ലാഹുവിന്റെ വെറുപ്പിനെയും കോപത്തെയും കണ്ടുമുട്ടി.

8.) സ്വഹാബികൾ എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ച, റസൂൽ صلى الله عليه وسلم യുടെ മദീനയിലേക്കുള്ള ഹിജ്‌റയുടെ അടിസ്ഥാനത്തിലുള്ള (ഹിജ്‌റ കലണ്ടർ) കലണ്ടർ പാലിക്കുക എന്നതാണ് മുസ്ലീങ്ങൾക്ക് ശ്രേഷ്ഠം. നീണ്ട 1400 വർഷങ്ങളായി ഈ ദിവസം വരെയും മുസ്ലീങ്ങൾ അത് പാലിച്ചു പോരുന്നു. ഹിജ്‌റ കലണ്ടർ ഒഴിവാക്കുകയും പകരം മറ്റെതെങ്കിലും കലണ്ടറുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നത് , ഏറ്റവും നല്ലതിനെ ഉപേക്ഷിച്ച് പകരം ഏറ്റവും മോശമായതിനെ സ്വീകരിക്കുന്നത് പോലെയാണ്.


അതുകൊണ്ട് നമ്മുടെ എല്ലാ മുസ്ലിം സഹോദരങ്ങളോടും, അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും തിന്മകളിൽ നിന്നും വിട്ടുനിൽക്കുകയും അപ്രകാരം മറ്റുള്ളവരെ ഉപദേശിക്കുകയും അതിൽ ക്ഷമ കൈകൊള്ളുകയും ചെയ്യണമെന്ന് നാം ഉപദേശിക്കുന്നു. ഓരോ മുഅ°മിനും അവന്റെ നഫ്സിനോട് ഗുണകാംക്ഷയുള്ളവനാകണമെന്നും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശാപത്തിൽനിന്നും കോപത്തിൽ നിന്നും രക്ഷ നേടാനുള്ള കാര്യങ്ങളിൽ തൽപ്പരരാകണമെന്നും അവന്റെ ഇൽമും ഈമാനും പരിശോധിച്ചുറപ്പു വരുത്തണമെന്നും അല്ലാഹുവിനെ നേർവഴി കാണിക്കുന്നവനായും വലിയ്യായും സഹായിയായും വിധികർത്താവായും സ്വീകരിക്കണമെന്ന് നാം ഉപദേശിക്കുന്നു.

اللجنة الدائمة للبحوث العلمية والإفتاء.
[അല്ലജ്നത്തു:ദ്ദാഇമ: | സഊദി ഉന്നത പണ്ഡിത സഭ].

അംഗങ്ങൾ:

  1. ഷെയ്ഖ് അബ്ദുൽ അസീസ് ബിനു അബ്ദുല്ല അൽ ആലു-ഷെയ്ഖ്.
  2. ഷെയ്ഖ് അബ്ദുല്ല ബിൻ ഖുദയ്യാൻ.
  3. ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ.
  4. ഷെയ്ഖ് ബക്കർ അബൂ സെയ്ദ്.

ആശയ വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി وفقه الله.