പണ്ഡിതന്മാരുടെ പിഴവുകളെ പിൻപറ്റുന്നവൻ. - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

ഇമാം അദ്ദഹബി رحمه الله പറഞ്ഞു: “മദ്ഹബുകളുടെ “റുഖ്സ”ത്തുകളും മുജ്തഹിദുകളായ പണ്ഡിതന്മാരുടെ പിഴവുകളും പിൻപറ്റുന്നവൻ തീർച്ചയായും അവന്റെ ദീനിനെ മയപ്പെടുത്തിയിരിക്കുന്നു”

(സിയർ അ’ലാം അൻ-നുബലാ 8/90)

എന്താണ് “റുഖ്സ” പിൻപറ്റുക എന്നാൽ?

ഇമാം മഹല്ലി رحمه الله പറഞ്ഞു:
“ഓരോ വിഷയത്തിലും ഏതെങ്കിലും ഒരു മദ്ഹബിന്റെ ഏറ്റവും എളുപ്പമുള്ളതു തിരഞ്ഞെടുക്കൽ”

(ശർഹുൽ-മഹല്ലി അലാ ജം’ഉൽ ജവാമി’അ)

ഇമാം സുലൈമാൻ അൽ-തൈമീ رحمه الله(143 ഹിജ്‌രി) പറഞ്ഞു:
“ഓരോ പണ്ഡിതന്റെയും ‘റുഖ്സത്തു’-കളോ അല്ലെങ്കിൽ പിഴവുകളോ തിരഞ്ഞെടുത്തവൻ എല്ലാവിധ തിന്മകളും തന്നിൽ ഒരുമിച്ചു കൂട്ടിയിരിക്കുന്നു”.

ഇമാം ഇബ്നു അബ്ദിൽ-ബർ رحمه الله ഇതിനു അടിക്കുറിപ്പായി പറഞ്ഞു: “ഇക്കാര്യം ഒരു അഭിപ്രായ വ്യത്യാസവുമില്ലാത്ത ‘ഇജ്മാഅ’ ആയാണ് അറിയുന്നത്, അൽഹംദുലില്ലാഹ്.”

(ജാമി’അ ബയാനുൽ ഇൽമി വ ഫദ്ലിഹി 2/927)

അബ്ദുല്ലാഹ് ഇബ്നു അഹ്മദ് رحمهما الله പറഞ്ഞു:
“ഇമാം യഹ്യ ഇബ്നു സ’ഈദ് അൽ-ഖത്താൻ رحمه الله(198 ഹിജ്‌രി) പറഞ്ഞതായി എന്റെ പിതാവ് ഇമാം അഹ്മദ് ഇബ്നു ഹൻബൽ رحمه الله ഉദ്ധരിക്കുന്നു. “ഇനിയൊരാൾ ഓരോ ‘റുഖ്സ’ത്തും തിരഞ്ഞെടുത്തു അമൽ ചെയ്‌താൽ, അതായത് നബീധിന്റെ (വീഞ്ഞ് പോലുള്ള ഒരു പാനീയം) വിഷയത്തിൽ അതിനെ അനുവദനീയമാക്കുന്ന കൂഫക്കാരുടെ വിധിയും, സംഗീതത്തിന്റെ വിഷയത്തിൽ അതിനെ അനുവദനീയമാക്കുന്ന മദീനക്കാരുടെ വിധിയും മു’അത്താ വിവാഹത്തിന്റെ വിഷയത്തിൽ അതിനെ അനുവദനീയമാക്കുന്ന മക്കാക്കാരുടെ വിധിയും സ്വീകരിച്ചാൽ അവൻ അതോടെ ഒരു ഫാസിഖായി തീരും (അല്ലെങ്കിൽ എന്റെ പിതാവ് അത് പോലെ പറഞ്ഞു)”.

(മസാ’ഇൽ ഇമാം അഹ്മദ് റിവായത് അൻ ഇബ്‌നിഹി 449)

അൽ-അല്ലാമ ഇബ്നുൽ-ഖയ്യിം رحمه الله പറഞ്ഞു:
“ഇസ്‌ലാമിലും മുസ്ലീങ്ങൾക്കുമിടയിൽ വലിയ സ്ഥാനമുള്ള പ്രമുഖനായ ഒരു പണ്ഡിതനിൽ നിന്നും ഒരു വീഴ്ചയോ പിഴവോ വന്നിട്ടുണ്ടെങ്കിൽ, അതിൽ ആ പണ്ഡിതന് ഒരു ഒഴികഴിവു ഉണ്ടാകാം. ഇനി ഒരു പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റിയത് ഇജ്തിഹാദിയായ ഒരു വിഷയത്തിലെങ്കിൽ അദ്ദേഹത്തിന് ഒരു പ്രതിഫലവും ഉണ്ടാകാം. അദ്ദേഹത്തെ അതിൽ പിൻപറ്റുവാൻ പാടുള്ളതല്ല. എന്നാൽ മുസ്ലിമീങ്ങളുടെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഇല്ലാതാക്കുവാനും പാടില്ല. ഷറ’ഈ ആയ വിഷയങ്ങളിലും നിത്യയാഥാർഥ്യങ്ങളിലും അറിവുള്ള ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകുന്നതാണിത്.

(ഇ’അലാം അൽ-മുവഖി’ഈൻ 3/295)

വിവർത്തനം: അബു ഹുമൈദ് ഫഹദ് ത്രിശൂരി حفظه الله