പൊങ്ങച്ചത്തിന്റെ വസ്ത്രം - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

❓ചോദ്യം: പൊങ്ങച്ചത്തിന്റെ വസ്ത്രം എന്നാൽ എന്താണ്? ജനങ്ങൾ ഇമാമ: (തലേകെട്ട്) ധരിക്കാത്ത രാജ്യങ്ങളിൽ  അത് ധരിച്ചാൽ പൊങ്ങച്ചത്തിന്റെ വസ്ത്രമായി അതിനെ കണക്കാക്കാമോ?

✅ ഉത്തരം: പൊങ്ങച്ചത്തിന്റെ വസ്ത്രം എന്നാൽ അത് ദീനിലെ നിയമങ്ങൾക്ക്  വിരുദ്ധമാകുന്ന വസ്ത്രമാണ്. എന്നാൽ അതുമായി യോജിക്കുന്ന വസ്ത്രങ്ങൾ അത് ഏതു നാട്ടിലായാലും ശെരി, അത് പൊങ്ങച്ചത്തിന്റെ വസ്ത്രമല്ല. അപ്പോൾ ശറഇയായ വസ്ത്രം ധരിക്കുന്നതിൽ നിനക്ക് അഭിമാനിക്കാം, അതാണ് സുന്നത്തായതും ശരിയായതും. ഇമാമ: ധരിക്കുന്നത് ഒരു നല്ല കാര്യമാണ്. കാരണം റസൂലുല്ലാഹി (صلى الله عليه وسلم) അത് ധരിച്ചിരുന്നു. അതിന്റെ രണ്ടറ്റവും അദ്ദേഹത്തിന്റെ ചുമലുകൾക്കിടയിലായി തൂങ്ങിയിരുന്നു. അപ്രകാരം തന്നെ തൊപ്പി ധരിക്കൽ, അത് അറബികളുടെ സവിശേഷതയാണ്. ഇമാമ: അവർ മക്കനപോലെ ധരിച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്, എന്നാൽ തലയിൽ കെട്ടുന്നതാണ് മക്കനപോലെ ധരിക്കുന്നതിനേക്കാൾ ശ്രേഷ്ഠവും സുന്നത്തിന്റെ കിതാബുകളിൽ കൂടുതൽ അറിയപ്പെട്ടതും.

അതേസമയം തന്നെ, കാഫിറുകളുമായി സാദൃശ്യപ്പെടുന്നത് ; അത് ഹറാമാണ്. സ്വാലിഹീങ്ങളുമായി സാദൃശപ്പെടൽ അനിവാര്യവുമാണ്.

അല്ലാഹു തആലാ പറഞ്ഞു: 

أُوْلَئِكَ الَّذِينَ هَدَى اللهُ فَبِهُدَاهُمُ اقْتَدِهِ

[ അവരെയാണ്‌ അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന്‌ കൊള്ളുക.] [الأنعام:٩٠]

അല്ലാഹു തആലാ പറഞ്ഞു: 

وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنتُمْ تَعْمَلُونَ

[ എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.] [لقمان:١٥]

അല്ലാഹു തആലാ പറഞ്ഞു: 

وَلا تَكُونُوا مِنَ المُشْرِكِينَ * مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ

[ നിങ്ങള്‍ മുശ്‌രിക്കുകളുടെ കൂട്ടത്തിലായിപ്പോകരുത്‌.

അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.] [الروم:٣١-٣٢]

അപ്പോൾ അവരുടെ (കാഫിറുകളുടെ) വസ്ത്രങ്ങളിലോ സംസാരങ്ങളിലോ പ്രവർത്തനങ്ങളിലോ യാതൊന്നിലും തന്നെ അവരുമായി നീ സാദൃശ്യപ്പെടരുത്. ഇമാമ: ധരിക്കാനും അതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നാം നിന്നെ ഉപദേശിക്കുന്നു. ഇത് റസൂലിന്റെ സുന്നത്ത് പിൻപറ്റലാണ്. റസൂലുള്ളാഹ് (صلى الله عليه وسلم) ഇമാമ ധരിക്കാതെ തലതുറന്നിട്ടുകൊണ്ടു നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ സന്ദർഭങ്ങളിലും അദ്ദേഹം ഇമാമ: ധരിച്ചിരുന്നു.

അതുകൊണ്ടുതന്നെ പൊങ്ങച്ചത്തിന്റെ വസ്ത്രത്തെ കുറിച്ച് ഇബ്നു ഉമർ رضي الله عنه വിന്റെ ഹദീസിൽ പരാമർശിക്കപ്പെട്ടത് : ( “ആരെങ്കിലും പൊങ്ങച്ചത്തിന്റെ വസ്ത്രം ധരിച്ചാൽ ,അല്ലാഹു അവനെ ഖിയാമത്ത് നാളിൽ നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കും.”)

ഇവിടെ പൊങ്ങച്ചത്തിന്റെ വസ്ത്രം എന്നത് കൊണ്ടുള്ള ഉദ്ദേശം ശറഇന് എതിരാകുന്ന വസ്ത്രമാണ്. കൂടാതെ പൊങ്ങച്ചം കാണിക്കാനോ പെരുമ നടിക്കാനോ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ശറഈ ആയ വസ്ത്രം ധരിച്ചാൽ അതും ഈ ഹദീസിന്റെ പരിധിയിൽ വരും.

✒ അശെയ്ഖ് അബൂ അബ്ദിറഹ്മാൻ യഹ്‌യ ബിനു അലി അൽ ഹജൂരി حفظه الله.

📚 الكنز الثمين ٤/١٣٧٧


വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه