സലഫുകളുടെ മാർഗം പിൻപറ്റേണ്ടതിന്റെ അനിവാര്യത - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

📝യെമനിലെ മുഹദ്ദിഥും ഫഖീഹും ആയ പണ്ഡിതൻ, അഷെയ്ഖ് മുഹമ്മദ് ബിൻ ഹിസാം -حفظه الله- അദ്ദേഹത്തിന്റെ
المختار في أحاديث سيد المرسلين
എന്ന പേരിൽ അഹ്ലു സുന്നത്തിന്റെ അഖീദയയെ ആസ്പദമാക്കി രചിച്ച ഹദീഥ് ഗ്രന്ഥത്തിൽ, “സലഫുകളുടെ മാർഗം പിൻപറ്റുന്നതിന്റെ അനിവാര്യത” എന്ന അധ്യായവുമായി ബന്ധപ്പെട്ട് എടുത്ത ദർസിന്റെ ചുരുങ്ങിയ രീതിയിലുള്ള ആശയ വിവർത്തനം:

1. അബൂ നജീഹ് അൽ ഇർബാദ് ബിൻ സാരിയ -رضي الله عنه- പറഞ്ഞു:

അല്ലാഹുവിന്റെ റസൂൽ -ﷺ- ഒരു ദിവസം ഞങ്ങളെ നിസ്കാരത്തിൽ നയിച്ച ശേഷം ഞങ്ങളിലേക്ക് മുന്നിട്ടു, എന്നിട്ട് ഞങ്ങൾക്ക് ഉൽബോധനം നൽകി. അതിനാൽ ഞങ്ങളുടെ ഹൃദയങ്ങൾ ഭയപ്പെട്ടു, കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി, അപ്പോൾ ഒരാൾ പറഞ്ഞു: “ഓ അല്ലാഹുവിന്റെ റസൂലേ, ഇത് ഒരു വിടവാങ്ങൽ പ്രസംഗം പോലെയുണ്ടല്ലോ, അതിനാൽ അങ്ങ് എന്താണ് ഞങ്ങളെ ഉപദേശിക്കുന്നത്?”. അദ്ദേഹം പറഞ്ഞു: ” ഞാൻ നിങ്ങളോടു അല്ലാഹുവിനെ ഭയക്കുവാനും, അതുപോലെ (നിങ്ങളുടെ ഭരണാധികാരിയെ) കേൾക്കുവാനും അനുസരിക്കുവാനും ഉപദേശിക്കുന്നു, അതൊരു എത്യോപ്പക്കാരനായ അടിമ ആണെങ്കിൽ പോലും. തീർച്ചയായും നിങ്ങളിൽ എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവർ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ കാണുന്നതാണ്, അതിനാൽ നിങ്ങൾ എന്റെ സുന്നത്തിന്റെയും നേർമാർഗ്ഗത്തിൽ നയിക്കപ്പെട്ട ഖുലഫാ അൽ-റാഷിദീങ്ങളുടെ സുന്നത്തിന്റേയും മുകളിൽ നിലകൊള്ളുക, നിങ്ങളുടെ അണപ്പല്ലുകളാൽ നിങ്ങൾ അതിനെ കടിച്ചുപിടിക്കുക, ദീനിൽ പുതുതായി കൊണ്ടുവരപ്പെട്ടവയെത്തൊട്ട് നിങ്ങൾ വിട്ടു നിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുക!തീർച്ചയായും പുതുതായി കൊണ്ടു വരപ്പെട്ടവയെല്ലാം ബിദ്അത്താകുന്നു ! എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു.”

ഈ ഹദീഥ് അബൂ ദാവൂദും മറ്റു ചിലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് ഹസൻ ആണ്.
(സ്വീകാര്യതക്ക് അർഹമായതാണ്)

(ഷെയ്ഖ് വിശദീകരിക്കുന്നു)

ഇവിടെ, നബി -ﷺ- അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. ഇതിൽ സലഫുകളുടെ മാർഗത്തെ മുറുകെപ്പിടിക്കുവാനും അതിൽ നിലകൊള്ളുവാനുമുള്ള കല്പനയുണ്ട്.

സലഫ്‌ എന്ന് പറയപ്പെട്ടാൽ, അതിനാൽ ഉദ്ദേശിക്കപ്പെടുന്നതിൽ മുൻതൂക്കം നൽകപ്പെടുക റസൂലുല്ലാഹ് -ﷺ- യുടെ സ്വഹാബത്തിനാണ് -رضي الله عنهم-. പിന്നെ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകളിൽ (അഥവാ സ്വഹാബാക്കളുടെയും താബിഈങ്ങളുടെയും താബിഈതാബിഈങ്ങളുടെയും കാലഘട്ടങ്ങളിൽ) ജീവിച്ച സ്വഹാബത്തിനെ സൻമാർഗ്ഗത്തിൽ പിന്തുടർന്നവരും.

സലഫ് എന്നത് കൊണ്ടുദ്ദേശിക്കുന്നതിൽ സ്വഹാബത്ത് ഉൾപ്പെടും എന്നതിൽ ഉലമാക്കാൾക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. സ്വഹാബത്തിന് ശേഷമുള്ളവരെ സംബന്ധിച്ചടത്തോളം അഭിപ്രായ വ്യത്യാസം ഉണ്ട്, ചിലർ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകൾ (അഥവാ സ്വഹാബാക്കളുടെയും താബിഈങ്ങളുടെയും താബിഈ-താബിഈങ്ങളുടെയും കാലഘട്ടങ്ങൾ) മാത്രമേ അതിനാൽ ഉദ്ദേശിക്കപ്പെടൂ എന്ന് പറഞ്ഞു. ചിലർ ഹിജ്റ 300 വർഷത്തിന് മുൻപുള്ളവരെ മാത്രമേ അങ്ങനെ പറയപ്പെടൂ എന്നും, മറ്റു ചിലർ ഹിജ്റ 500 വർഷത്തിന് മുൻപുള്ളവർ എല്ലാം അതിൽ ഉൾപ്പെടും എന്നും അഭിപ്രായപ്പെട്ടു.
ഈ മസ്’അലയിൽ (വിഷയത്തിൽ) ഏറ്റവും ശെരിയായത് എന്തെന്നാൽ സ്വഹാബത്തും, അവർക്ക് ശേഷം ഉള്ള നൂറ്റാണ്ടുകളിൽ ആരെല്ലാം നേർമാർഗ്ഗത്തിൽ അവരെ പിൻപറ്റിയോ അവരെല്ലാവരും അതിൽ ഉൾപ്പെടും എന്നതാണ്.

താബിഈങ്ങളിൽ പെട്ട ചിലർ, അബ്ദുല്ലാഹിബ്നു മുബാറക്, അത്പോലെ ഇമാം ഔസാഈ എന്നിവരൊക്കെ സലഫ് എന്ന് പറഞ്ഞു കൊണ്ട് സ്വഹാബാക്കളേ ലക്ഷ്യം വെക്കുന്നത് നമുക്ക്‌ കാണാവുന്നതാണ്.

അല്ലാഹു سبحانه وتعالى പറഞ്ഞതു പോലെ,

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.
(സൂറത്തു അൽ-തൗബ,ആയത്ത് 100)

നമുക്ക് കാണാൻ സാധിക്കും, അഹ്ലുസ്സുന്നതിന്റെ അ’ഇമ്മത്ത് (ഇമാം എന്ന വാക്കിന്റെ ബഹുവചനം) എല്ലാ വിഷയങ്ങളിലും സലഫുകളുടെ മാർഗ്ഗം മുറുകെപ്പിടിക്കുവാനും അതിൽ നിലകൊള്ളുവാനും വളരെ അധികം പ്രോഝാഹിപ്പിക്കുമായിരുന്നു. എത്രത്തോളം എന്നു വെച്ചാൽ, ഫിഖ്ഹീയായ മസ്’അലകളിൽ പോലും സലഫുകളുമായി ഒരു അഭിപ്രായ വ്യത്യാസം ഒഴുവാക്കുവാൻ അവർ പ്രേരിപ്പിക്കുമായിരുന്നു.

ഇമാം അഹ്‌മദ്‌ رحمه الله പറഞ്ഞത് പോലെ, “സാധ്യമാവുമെങ്കിൽ, നിനക്കു മുൻപുള്ള ഒരു ഇമാം നിന്നെ മുന്നിട്ടിട്ടില്ലാത്തതായ ഒരു മസ്അലയും നീ സംസാരിക്കാതിരിക്കുക”
അതായത് നീ പരമാവധി ഒരു വ്യത്യസ്തമായ അഭിപ്രായം കൊണ്ടുവരാതിരിക്കുവാൻ ശ്രമിക്കുക, ഉദാഹരണത്തിന്, ഒരു മസ്’അലയിൽ ഉലമാക്കാൾക്ക് ഇടയിൽ മൂന്നോ നാലോ അഭിപ്രായങ്ങൾ ആണ് നിലവിൽ അറിയപ്പെട്ടിട്ടുള്ളതെങ്കിൽ നീ അഞ്ചാമതായി ഒരു അഭിപ്രായം കൊണ്ടുവരാതിരിക്കുവാൻ ശ്രമിക്കുക.

ഒരു വിഷയത്തിൽ പോലും, നമുക്ക് സലഫുകളുടെ അഭിപ്രായങ്ങൾ ആവശ്യമില്ലെന്ന് പറയുന്നത് ശെരിയല്ല.
മറിച്ച്, എല്ലാ മസ്’അലയിലും തീർച്ചയായും എന്തെങ്കിലും നിനക്ക് കാണാൻ സാധിക്കും. ഇനി ആ വിഷയത്തെ അതേപോലെ കാണാൻ സാധിച്ചില്ലെങ്കിൽ പോലും അതിനോടു സാമ്യം കൊള്ളുന്ന ഒന്ന് എന്തായാലും ഉണ്ടാകും, അത് സമകാലികമായ മസ്’അലകളിൽ ഒന്നിൽ ആയാൽ പോലും. ഉദാഹരണത്തിന്, ഡെമോക്രസിയുടെ വിഷയം, ഡെമോക്രസി എന്ന പേരിൽ ഒന്നും തന്നെ നമ്മൾക്ക് നുസൂസിൽ (മൂലഗ്രന്ഥം/ഖുർആനിലും സുന്നത്തിലും) കാണാൻ സാധിക്കില്ല. പക്ഷെ അല്ലാഹു ഇറക്കിയിട്ടുള്ളതല്ലാത്തതിനെ തൊട്ട് വിധികല്പന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖുർആനിലും സുന്നത്തിലും സലഫുകളുടെയും പണ്ഡിതന്മാരുടെയും വാക്കുകളിലും നമുക്ക് ഒട്ടേറെ കാണാൻ സാധിക്കും.

അതിനാൽ സലഫുകളുടെ മാർഗ്ഗം മുറുകെ പിടിക്കുകയും അതിൽ നിലകൊള്ളുകയും തെളിവുകൾ (കിതാബും സുന്നത്തും) അവർ മനസ്സിലാക്കിയ രീതിയിൽ മനസ്സിലാക്കുകയും ചെയ്യുക എന്നത് നമ്മുടെ മേൽ അനിവാര്യമാണ്.

(ഷെയ്ഖ് ഒരു പദ്യത്തിൽനിന്ന് രണ്ടു വരികൾ ഉദ്ധരിക്കുന്നു)

فخير الأمور السّالفات على الهدى
وشـرّ الأمـور المحدثات البدائع

വിഷയങ്ങളിൽ ഏറ്റവും മികച്ചത്, സന്മാർഗ്ഗത്തിന്മേൽ മുന്നിട്ടവയാകുന്നു..
വിഷയങ്ങളിൾ ഏറ്റവും നശിച്ചതാകട്ടെ,
ആശ്ചര്യപ്പെടുത്തുന്ന പുത്തനാചാരങ്ങൾ..!

അല്ലാഹു عز وجل പറഞ്ഞു:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
(സൂറത്തു അൽ-മാ’ഇദ, ആയത്ത് 3)

(പിന്നീട് അദ്ദേഹം ആ അധ്യായത്തിലെ അടുത്ത ഹദീഥ് ഉദ്ധരിച്ചു)

2. അബ്ദുല്ലാഹ് ബിൻ മസ്’ഊദ് -رضي الله عنه- പറഞ്ഞു:

അല്ലാഹു അവന്റെ അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കി. അപ്പോൾ നബി -ﷺ- യുടെ ഹൃദയം ഹൃദയങ്ങളിൽ ഏറ്റവും മികച്ചതായി കണ്ടു, അതിനാൽ അദ്ദേഹത്തെ സ്വന്തത്തിനു വേണ്ടി തിരഞ്ഞെടുക്കുകയും അവന്റെ രിസാലയുമായി (സന്ദേശവുമായി) ജനങ്ങളിലേക്ക്‌ അയക്കുകയും ചെയ്തു. റസൂലുല്ലാഹ് -ﷺ- യുടെ ഹൃദയത്തിലേക്ക് നോക്കിയ ശേഷം അല്ലാഹു മറ്റുള്ള അടിമകളുടെ ഹൃദയങ്ങളിലക്ക് നോക്കി, അപ്പോൾ റസൂലുല്ലാഹ് -ﷺ- യുടെ സ്വഹാബത്തിന്റെ ഹൃദയങ്ങൾ എറ്റവും മികച്ചതായി കാണുകയും അവരെ അദ്ദേഹത്തിന്റെ സഹായത്തിനായും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുവാനായും തിരഞ്ഞെടുത്തു. ഏതൊന്നാണോ മുസ്ലിമീങ്ങൾ നല്ലതായി കാണുന്നത്, അത് അല്ലാഹുവിന്റെ പക്കൽ നല്ലതാകുന്നു, ഏതൊന്നാണോ അവർ മോശമായി കാണുന്നത്, അല്ലാഹുവിന്റെ പക്കലും അത് മോശമാണ്.

ഹസൻ ആയ ഇസ്‌നാദോട് (ഹദീഥ്‌ പരനമ്പരയോട്) കൂടി ഇമാം അഹ്‌മദ്‌ റിപ്പോർട്ട് ചെയ്ത അഥർ.

ഇതിലെ അവസാനത്തെ വരികളെ (“ഏതൊന്നാണോ മുസ്ലിമീങ്ങൾ…”) സംബന്ധിച്ച് ഷെയ്ഖ് പറഞ്ഞു:

ഇവിടെ മുസ്ലിമീങ്ങൾ എന്ന് പറഞ്ഞത് സ്വഹാബാക്കളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കവേ ആണ് , അതിനാലാണ് ചില പണ്ഡിതന്മാർ സഹാബാക്കളുടെ ശ്രേഷ്ഠതയെ കുറിച്ച് പറയുന്ന ഹദീഥുകളിൽ ഒന്നായി ഈ ഹദീഥിനെ കണക്കാക്കിയത്.
ഈ ഹദീഥിന് മറ്റൊരു താൽപ്പര്യം കൂടെ ഉണ്ട്: മുസ്ലിമീങ്ങളുടെ ഇജ്‌മാഅ് ആണ് (ഏകാഭിപ്രായമാണ്) ഇതിൽ ഉദ്ദേശിക്കപ്പെടുന്നത് എന്നത്രെ അത്.

എന്തായാലും ഞാൻ അത് ഇവിടെ ഉദ്ദരിച്ചിട്ടുള്ളത് ആദ്യം പറഞ്ഞത് പോലെ സ്വഹാബത്തിന്റെ ശ്രേഷ്ഠതയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.

(ശേഷമുള്ള ഹദീഥ്)

3. അബ്ദുല്ലാഹ് ബിൻ മസ്’ഊദ് -رضي الله عنه- പറഞ്ഞു:

“തീർച്ചയായും ഏതൊരു വിഷയവും അതിന്റെ അവസാനത്തെ ആശ്രയിച്ചുകൊണ്ടാകുന്നു, പ്രവർത്തികളിൽ ഏറ്റവും മികച്ചത് നന്നായി അവസാനിച്ചവയാകുന്നു, നിങ്ങളുടെ അവസാനം ആകുന്നു നിങ്ങളെ നിശ്ചയിക്കുന്നത്. നിങ്ങളിൽ ഒരുവനും അവന്റെ ദീനിന്റെ വിഷയങ്ങളിൽ മറ്റൊരുവനെ തഖ്‌ലീദ് ചെയ്യാൻ (മറ്റൊരുവന്റെ വാക്കുകളെ തെളിവില്ലാതെ സ്വീകരിക്കുക എന്നത്) പാടുള്ളതല്ല, അവൻ വിശ്വസിക്കുമ്പോൾ ഇവൻ വിശ്വസിക്കും, അവൻ നിഷേധിച്ചാൽ ഇവൻ നിഷേധിക്കും. അങ്ങനെ ഒരുവനെ തഖ്‌ലീദ് ചെയ്യൽ അവന്റെ മേൽ നിർബന്ധം ആയാൽ, അവൻ മരിച്ചുപോയവരിൽ – ഷെയ്ഖ് പറയുന്നു : അതായത് സലഫുകളിൽ നിന്നുള്ള ഉലമാക്കളിൽ – പെട്ട ആരെയെങ്കിലും തഖ്‌ലീദ് ചെയ്തുകൊള്ളട്ടെ, കാരണം, ജീവിച്ചിരിക്കുന്ന ഒരുവനും ഫിത്നയിൽനിന്ന് മോചിതൻ അല്ല. “

സ്വഹീഹ് ആയ ഇസ്‌നാദോട് കൂടി അബൂ ദാവൂദ് അൽ-സുഹ്ദിൽ റിപ്പോർട്ട് ചെയ്ത അഥർ.

തഖ്‌ലീദിന് എതിരെയുള്ള താക്കീതുമായി ബന്ധപ്പെട്ട് അബ്ദുല്ലാഹ് ബ്‌നു മസ്’ഊദ് – رضي الله عنه – വിൽനിന്നുള്ള വളരെ വിലയേറിയ സുന്ദരമായ ഒരു ഉപദേശമാണിത്. ഇങ്ങനെയാണ് വേണ്ടത്, ഇനി ഒരുവൻ നിങ്ങളുടെ കാഴ്ച്ചപ്പാടിൽ ഖുർആനിനോടും സുന്നത്തിനോടും വളരെ അധികം യോജിച്ചവൻ ആയാൽ പോലും, തെളിവുകളിലേക്ക് നോക്കാതെ അവനൊരു അഭിപ്രായം പറഞ്ഞാൽ നീ അതേറ്റു പറയും, അവനത് ഉപേക്ഷിച്ചാൽ നീയും അത് ഉപേക്ഷിക്കും എന്ന തോതിൽ നീ അവനെ ഒരു വിഷയത്തിലും തഖ്‌ലീദ് ചെയ്യാൻ പാടുള്ളതല്ല. ഒരു മുസ്ലിമിനും അത് അനുവദനീയമല്ല. കാരണം ഹൃദയങ്ങൾ അള്ളാഹു തആലയുടെ ഇരു വിരലുകൾക്കിടയിൽ ആണ്. അവനുദ്ദേശിക്കുന്ന രീതിയിൽ അവൻ അവയെ മാറ്റിമറിക്കുന്നതാണ്.

പിന്നീട് അദ്ദേഹം ( ഇബ്‌നു മസ്’ഊദ് – رضي الله عنه -) അങ്ങനെ പിൻപറ്റുന്ന സാഹചര്യത്തിൽ അത് സലഫുമായി ബന്ധപ്പെടുത്തുവാൻ ഉപദേശിക്കുന്നു. എന്നാൽ ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് സലഫുകളുടെ നഹ്ജ് (അവർ സ്വീകരിച്ച മാർഗ്ഗം) പിൻപറ്റാനാണ്, കാരണം അവർ സ്വീകരിച്ച മാർഗ്ഗമാണ്‌ നേരായ മാർഗ്ഗം, മറിച്ച് ഒരിക്കലും തഖ്‌ലീദിന് പ്രോത്സാഹനമായിട്ടല്ല.

ഇത്തരത്തിലാകുന്നു ഉലമാക്കളുടെ നസ്വീഹത്ത്, സലഫുകളുടെ മാർഗ്ഗത്തിൽ ഉറച്ചു നിൽക്കുവാനും, വ്യക്തിത്വങ്ങളെ വെടിയുവാനും.

തീർച്ചയായും അഹ്ലുസ്സുന്നത്തിന്റെ അഖീദയിൽ (വിശ്വാസത്തിൽ) പെട്ടതാണ് ഉലമാക്കളെ ആദരിക്കുക എന്നതും സ്നേഹിക്കുക എന്നതും. ഇൽമിനോടും സുന്നത്തിനോടും ഉള്ള ആദരവും ബഹുമാനവും ആകുന്നു അത്, പക്ഷെ അത് തഖ്‌ലീദോട്‌ കൂടി ആകരുത്.

അല്ലാഹു سبحانه وتعالى പറഞ്ഞു:

اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ ۗ قَلِيلًا مَا تَذَكَّرُونَ

നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
(സൂറത്തു അൽ-അ’റാഫ്, ആയത്ത് 3)

ജനങ്ങളെ ഏതെങ്കിലും വ്യക്തിത്വങ്ങളുമായോ ഉലമാക്കളുമായോ ബന്ധപ്പെടുത്തുക എന്നത്
ഒരു മുസ്ലിമിനും അനുവദനീയമല്ല.

എന്നു മാത്രമല്ല, സലഫുകൾ ആകട്ടെ, സ്വന്തത്തെ ജനങ്ങൾ തഖ്‌ലീദ് ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയിരുന്നു.

ഇമാം അഹ്മദ് رحمه الله പറഞ്ഞു:

“നിങ്ങൾ എന്നെയോ, മാലിക്കിനിയോ, ശാഫി’ഈയെയോ, ഔസാ’ഈയെയോ തഖ്‌ലീദ് ചെയ്യരുത്! നിങ്ങൾ അവർ എവിടെന്നാണോ എടുത്തിരുന്നത്, അവിടുന്ന് എടുക്കുവിൻ.”

അദ്ദേഹം പറഞ്ഞു:

“ഹദീഥിന്റെ ഇസ്‌നാദും സ്വീകാര്യതയും മറ്റും അറിഞ്ഞതിനു ശേഷം അത് ഉപേക്ഷിക്കുകയും സുഫ്യാന്റെ അഭിപ്രായത്തിന് പ്രാധാന്യം നൽകുകയും ചെയ്തവരെ കണ്ടു ഞാൻ ആശ്ചര്യപ്പെട്ടു.
എന്നിട്ട് അദ്ദേഹം ഈ ആയത്ത് ഓതി:

فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

ആകയാല്‍ അദ്ദേഹത്തിന്‍റെ (റസൂൽ صلى الله عليه وسلم യുടെ) കല്‍പനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ഫിത്നയും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.
(സൂറത്ത് അൽ-നൂർ, ആയത്ത് 63)

(ഇമാം അഹ്‌മദ്‌ رحمه الله തുടരുന്നു);

ഈ ആയത്തിൽ ഫിത്ന എന്ന് ഉദ്ദേശിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾക്കറിയുമോ?
അത്‌ ശിർക് ആണ് , റസൂൽ -ﷺ- യുടെ ഒരു വാക്കിനെ ഒരുവൻ തള്ളിക്കളഞ്ഞാൽ അവന്റെ മനസ്സിൽ വഴികേടിന്റെ ഒരംശം ഉത്ഭവപ്പെടുകയും അതിനാൽ അവൻ നശിച്ചു പോവുകയും ചെയ്യും.

(ഇബ്‌നു കഥീറിന്റെ തഫ്സീറിൽ, അത്‌
കുഫ്ർ, നിഫാഖ് അഥവാ ബിദ് അത്ത് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്.)

ഇമാം അൽ-ഷാഫി’ഈ رحمه الله പറഞ്ഞു:

“എന്റെ അഭിപ്രായത്തിന് എതിരായി ഹദീഥ് കണ്ടാല്‍, ആ ഹദീഥുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക; എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക. കാരണം ഹദീഥ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്”

ഇമാം മാലിക് رحمه الله പറഞ്ഞു:

“ഏതൊരുവനിൽ നിന്നും എടുക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യുന്നതാണ്, ഈ ഖബ്റിന്റെ (റസൂലുല്ലാഹ് -ﷺ- യുടെ ഖബ്റിലേക്ക് ചൂണ്ടികാണിച്ചുകൊണ്ട് പറയുന്നു). ഉടമസ്ഥൻ ഒഴികെ”.

തഖ്‌ലീദിനെതിരെ താക്കീത് ചെയ്യുന്ന ഇത്തരം വാക്കുകൾ അഹ്ലുസ്സുന്നത്തിന്റെ പല പണ്ഡിതന്മാരിൽ നിന്നും നമുക്ക് കാണാൻ സാധിക്കും.

അതിനാൽ തഖ്‌ലീദ് എന്നത്, ശിർകും, കുഫ്റും, ബിദ്‌അത്തും, ഫിത്നകളും മറ്റു വഴികേടുകളും പടരുവാനുള്ള പ്രധാന കാരണമാണ്.

എന്നിരിക്കട്ടെ, ഒരുവൻ പറയുന്നു:
“എന്റെ അഭിപ്രായം പണ്ഡിതൻമാരുടെ അഭിപ്രായങ്ങളുമായി വ്യത്യാസപ്പെട്ടാൽ നിങ്ങൾ എന്റെ അഭിപ്രായം വെടിയുകയും, പണ്ഡിതന്മാരുടേത് സ്വീകരിക്കുകയും ചെയ്യുക”.

എന്താണ് ഇതിന്റെ സത്യാവസ്ഥ?

ഇത് ബാത്വിൽ (തെറ്റ്) ആയ ഒരു തത്വം ആണ്. എന്നാൽ ശെരിയായത് എന്തെന്നാൽ തെളിവുകളുടെ (ഖുർആനിന്റെയും സുന്നത്തിന്റെയും) അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ നിർണ്ണയിക്കുക.

സഹോദരങ്ങളേ, സലഫുകളുടെ ചര്യയിൽ നിലകൊള്ളൽ നിർബന്ധം ആയ ഒന്നാണ്, അതിനെ പിന്തുണക്കുന്ന മറ്റു ചില തെളിവുകളും ഖുർആനിൽ ഉണ്ട്;

അല്ലാഹു عز وجل പറഞ്ഞു:

وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!
(സൂറത്തു അൽ-നിസാ’, ആയത്ത് 115)

فَإِنْ آمَنُوا بِمِثْلِ مَا آمَنْتُمْ بِهِ فَقَدِ اهْتَدَوْا ۖ وَإِنْ تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ

നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
(സൂറത്തു അൽ-ബഖറ, ആയത്ത് 137)

وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا

സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.
( സൂറത്തു അൽ-നിസാ’, ആയത്ത് 83)

أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُلْ لَا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ

അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
(സൂറത്തു അൽ-അൻ’ആം, ആയത്ത് 90)

തെളിവുകളെ ഒരുവൻ പിന്തുടർന്ന് പരിശോധന നടത്തുകയാണെങ്കിൽ ഇതല്ലാത്ത മറ്റു തെളിവുകളും കാണാവുന്നതാണ്.

✍️⁩اعتنى به: أبو ريّان عبد الله -غفر الله له وهدى والديه

1 Comment