തൗഹീദ് പ്രചരിച്ചു കൊണ്ടിരിക്കുന്നു... റഹ്‍മത്ത് ഇല്ലാ ഖാസിമിയുടെ ശ്രമങ്ങൾ വിഫലമാകുന്നു - Markazu Uloomissunnah, Manjeri

ഇസ്‌ലാമിക നവോത്ഥാന നായകനായ അശ്ശെയ്ഖ് മുഹമ്മദ് ബ്ൻ അബ്ദില്‍ വഹാബ് അത്തമീമി അന്നജ്ദി رحمه الله ക്കെതിരയുള്ള ചിലരുടെ സംസാരം അതിശയിപ്പിക്കുന്ന ഒരു കാര്യമായി തോന്നുന്നേയില്ല. സ്വാലിഹീങ്ങളുടെ ശിരസ്സുകളായ പ്രവാചകന്മാര്‍ക്ക് എതിരിൽ “മാരണക്കാരൻ എന്നും ഭ്രാന്തന്‍ എന്നും കവിയെന്നും ജ്യോത്സ്യന്‍” എന്നും സംസാരം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ പാത പിന്തുടര്‍ന്നു വരുന്ന, അവർ ക്ഷണിച്ചു കൊണ്ടിരുന്ന തൗഹീദിലേക്ക് – അല്ലാഹുവേ മാത്രം ആരാധിക്കണം – എന്ന ഏറ്റവും വലിയ അടിസ്ഥാനത്തിലേക്ക് ക്ഷണിച്ച പണ്ഡിതന്മാരെ “തീവ്രവാദികള്‍” എന്ന് വിളിക്കുമ്പോള്‍ ആർക്കാണ് അതിശയം!

ശിർക്കിന്റേയും, അജ്ഞതയുടെയും അഗാധ ഗർത്തത്തിൽ പെട്ട, അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കുളിച്ച തന്റെ സമൂഹത്തെ ശുദ്ധമായ തൗഹീദിലേക്കും സംശുദ്ധമായ നബി ﷺ യുടെ സുന്നത്തിലേക്കും നയിക്കാന്‍ തന്റെ ശരീരവും സമ്പത്തും വിനിയോഗിച്ച, പണ്ഡിതന്മാർ “ഷെയ്ഖുൽ ഇസ്ലാം” എന്നും “മുജദ്ദിദ്” എന്നുമൊക്കെ വിശേഷിപ്പിച്ച അശ്ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് رحمه الله യുടെ നവോത്ഥാന പ്രബോധനത്തെ പറ്റി ജനങ്ങൾക്ക് മുന്നിൽ മോശമാക്കി കാണിക്കാനും, അവരുടെ കണ്ണില്‍ പൊടിയിടാനുമുള്ള ശ്രമമാണ് ഇതെങ്കിൽ നമുക്ക് മനസ്സിലാകുന്നത്, റസൂൽ صلى الله عليه وسلم അറിയിച്ചു തന്നിട്ടുള്ള തന്റെ ഉമ്മത്തിന്മേൽ ഭയപ്പെട്ടിട്ടുള്ള (الْأَئِمَّةَ الْمُضِلِّينَ)
“ജനങ്ങളെ പിഴപ്പിക്കുന്ന പ്രബോധകന്മാരുടെ” സംസാരങ്ങൾ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് رحمه الله ആരാണെന്നും അദ്ദേഹം നില നിന്നിരുന്ന ആദർശം എന്തായിരുന്നുവെന്ന് അറിയാനും അത് മുറുകെ പിടിക്കുവാനും ചിലര്‍ക്ക് കാരണമാകുന്നു എന്നതാണ്. അദ്ദേഹത്തെ പറ്റി അറിയാത്തവർ അറിയുന്ന അവസ്ഥയിലേക്ക് എത്തുന്നു. അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും.

ഒരു കവി പറഞ്ഞത് പോലെ :

ﻭﺇﺫا ﺃﺭاﺩ اﻟﻠﻪ ﻧﺸﺮ ﻓﻀﻴﻠﺔ…ﻃﻮﻳﺖ ﺃﺗﺎﺡ ﻟﻬﺎ ﻟﺴﺎﻥ ﺣﺴﻮﺩِ

“ചുരുട്ടി വെക്കപ്പെട്ട ഒരു ശ്രേഷ്ഠതയെ പ്രചരിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍ വളരെ അസൂയാലുവായ ആളിന്റെ നാവിലൂടെ അതിനു പ്രചാരണമുണ്ടാകാൻ അല്ലാഹു അവസരം നൽകുന്നതാണ് “

എന്തായാലും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് رحمه الله ക്കു മരണശേഷവും സൽകർമ്മങ്ങൾ രേഖപ്പെടുത്താൻ റഹ്മത്ത് ഇല്ലാ ഖാസിമി യുടെ സംസാരങ്ങൾ കാരണമായി എന്ന് മാത്രമേ നമുക്ക് പറയാനാകൂ.

എന്റെയും നിങ്ങളുടെയും ഉമ്മയായ വിശ്വാസികളുടെ ഉമ്മയായ ആഇശ رضي الله عنها യോട് പറയപ്പെട്ടു:

أن أناسا يسبون أبا بكر وعمر ، قالت : إنها قد انقطعت أعمالهم ، فالله سبحانه وتعالى يريد أن يجري لهم أعمال الذين يسبونهم

ചിലയാളുകൾ അബൂ ബക്ർ’നേയും ഉമർ’ നേയും رضي الله عنهما ചീത്തവിളിക്കുന്നു.
ആഇശ رضي الله عنها പറഞ്ഞു :

“തീർച്ചയായും അവരുടെ കർമ്മങ്ങൾ മുറിഞ്ഞു പോയിരിക്കുന്നു. അവരെ ചീത്ത വിളിക്കുന്നവരുടെ കർമ്മങ്ങൾ (അവരുടെ ഈ ചീത്തവിളിക്കുന്നതിലൂടെ) അവർക്ക് വേണ്ടി നൽകാൻ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു.”

ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം സാധാരണക്കാരായ പലർക്കും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ആരാണെന്നോ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നോ ഒന്നും അറിയില്ല എന്നതാണ്. ഖുറാഫി മൊല്ലാക്കമാർ പറയുന്നത് തൊണ്ട വിടാതെ വിഴുങ്ങി വിശ്വസിച്ചു പോകുകയാണ് പലരും.

അത് നമുക്ക് അറിയിച്ചു തരുന്നതും നമ്മള്‍ എല്ലാവരും ഗുണപാഠം എടുക്കേണ്ടതുമായ മനോഹരമായ ഒരു സംഭവം അശ്ശെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമി رحمه الله അദ്ദേഹത്തിന്റെ “മശാക്കിലു ദ്ദഅ്’വ വദ്ദുആത്ത് ഫിൽ അസ്റിൽ ഹദീസ്” എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അദ്ദേഹം പറഞ്ഞു :

“എനിക്ക് വിശ്വസ്തനായ ഒരാള്‍ ഒരു കാര്യം എന്നെ അറിയിക്കുകയുണ്ടായി. ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ പള്ളികളില്‍ പഠിപ്പിക്കുന്ന ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ് (ദർസ്) കഴിഞ്ഞാല്‍ അള്ളാഹുവിനോട് ഒരുപാട് പ്രാർത്ഥിക്കുക എന്നത് അദ്ദേഹത്തിന്റെ രീതികളില്‍ പെട്ടതായിരുന്നു. അദ്ദേഹം ആ പ്രാർത്ഥനയിൽ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് رحمه الله ക്ക് എതിരിൽ പ്രാർത്ഥിക്കുകയും അദ്ദേഹത്തെ ശപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സൗദി അറേബ്യക്കാരനായ മിടുക്കനും കാര്യങ്ങളിൽ തിരിച്ചറിവുമുള്ള ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ദർസിൽ പങ്കെടുക്കുന്നവരിലുണ്ടായിരുന്നു.

വഴിപിഴപ്പിക്കുന്ന പ്രചാരണങ്ങൾ കാരണം പിഴച്ചു പോവുകയും ഒരാള്‍ക്ക് എതിരിൽ പ്രാർത്ഥിക്കുകയും ശപിക്കുകയും ചെയ്യുന്ന ഈയൊരു അപകടത്തില്‍ വരെ എത്തിച്ച, സത്യാവസ്ഥ എന്താണെന്ന് അറിയാത്ത ഈ പാവം അധ്യാപകനെ എങ്ങനെയാണ് ഒന്ന് രക്ഷപ്പെടുത്തുക എന്ന് വിദ്യാര്‍ഥി ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ താഴെ പറയുന്ന ഒരു കൗശലത്തിലേക്ക് അല്ലാഹുവിന്റെ അനുമതിയോടെ അവന്റെ ചിന്തയെത്തി

അങ്ങനെ ഈ വിദ്യാര്‍ഥി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ന്റെ “അത്തൗഹീദ്” എന്ന പുസ്തകം എടുക്കുകയും അതിന്റെ ചട്ടയും ഗ്രന്ഥകര്‍ത്താവിന്റെ പേരടങ്ങിയിട്ടുള്ള ആദ്യത്തെ പേജും എടുത്തു മാറ്റിയിട്ട് അധ്യാപകന് കൊടുക്കുകയും അതില്‍ നിന്ന് വായിക്കാനും വായിച്ചു കഴിഞ്ഞാല്‍ പുസ്തകത്തില്‍ അടങ്ങിയിട്ടുള്ളവയെ പറ്റിയും പുസ്തകത്തെ പറ്റിയുള്ള അഭിപ്രായം അവനെ അറിയിക്കുവാനും ആവശ്യപ്പെട്ടു.

അങ്ങനെ അധ്യാപകന്‍ പുസ്തകം എടുക്കുകയും അത് വായിക്കുകയും അദ്ദേഹത്തിന് പുസ്തകം ഇഷ്ടപ്പെടുകയും ചെയ്തു. പുസ്തകത്തെ കുറിച്ച് വിദ്യാര്‍ഥി അധ്യാപകനോട് ചോദിച്ചപ്പോള്‍ മഹത്തായ പ്രശംസകളാൽ പുകഴ്ത്തി പറയുകയും (തൗഹീദ്) വിഷയത്തില്‍ (രചിക്കപ്പെട്ട) ഏറ്റവും നല്ല പുസ്തകങ്ങളില്‍ പെട്ടതാണ് ഈ പുസ്തകം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

അപ്പോൾ വിദ്യാര്‍ഥി പറഞ്ഞു : “ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് നിങ്ങള്‍ ശപിച്ചു കൊണ്ടിരിക്കുന്ന മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് ആണ്”. (ബോധ്യപ്പെടുത്താനായി) പുസ്തകത്തിന്റെ എടുത്തു കളഞ്ഞ ചട്ടയും ഗ്രന്ഥകര്‍ത്താവിന്റെ പേരടങ്ങിയിട്ടുള്ള പേജും അദ്ദേഹത്തിന് വിദ്യാര്‍ഥി കൊടുത്തു.

ഇത് അറിഞ്ഞ അധ്യാപകന്‍ അതിശയപ്പെടുകയും തെറ്റ് പറ്റിയതിന്റെ പേരില്‍ ഖേദിക്കുകയും ചെയ്തു. സത്യാവസ്ഥ അറിയിച്ചു തന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി. (എന്ന് മാത്രമല്ല) ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് رحمه الله യെ പറ്റിയുള്ള നിലപാട് അദ്ദേഹം മാറ്റുകയും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്’ന് رحمه الله എതിരിൽ പ്രാർത്ഥിക്കുന്നതിന് പകരമായി എല്ലാ ദർസ്സുകൾക്ക് ശേഷവും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും തുടങ്ങി “
അദ്ദേഹത്തിന് പൊറുത്ത് കൊടുക്കുവാന്‍ നാം അള്ളാഹുവിനോട് ചോദിക്കുന്നു

തൗഹീദും സുന്നത്തും നമ്മള്‍ ഇന്ന് സാക്ഷ്യം വഹിച്ചിട്ടുള്ള രീതിയില്‍ സംരക്ഷിച്ച് പോകുന്ന ശിർക്കിന്റേയും ബിദ്അത്തിന്റേയും ആളുകള്‍ക്കെതിരെ പോരാടുന്ന, ദീൻ വഹിക്കുന്ന പണ്ഡിതന്മാരെ കാത്തുസൂക്ഷിച്ച് അവർക്ക് അതിന്റെ സ്ഥാനം നൽകിയ സഊദി അറേബ്യ പോലെയുള്ള ഏതു രാജ്യമാണ് ഇന്ന് ലോകത്തുള്ളത്. അവിടെ തിന്മകൾ ഇല്ല എന്ന വാദം നമുക്കില്ല! (അല്ലാഹു ആ നാടിനെ എല്ലാ ശർറുകളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ)

തൗഹീദ് വിശദീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് رحمه الله യുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാത്ത ഏതു സലഫി പള്ളികളും മദ്‍റസകളുമാണ് ഉള്ളത്?

ഈ ഇമാമിന്റെ പുസ്തകങ്ങളിലൂടെ തൗഹീദിന്റെ പല മേഖലകൾ മനസ്സിലാക്കാന്‍ നമ്മളില്‍ അധിക പേര്‍ക്കും അല്ലാഹു തൗഫീക്ക് നൽകുകയുണ്ടായി. അത് അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക. അതിലേക്ക് ക്ഷണിക്കുകയും അതിന്റെ പേരില്‍ ഉണ്ടാകുന്ന പ്രയാസങ്ങളിൽ സഹിക്കുകയും ചെയ്യുക. ഉപദ്രവങ്ങളുണ്ടാകും തീർച്ച!

തൗഹീദിന്റെ പ്രചാരണത്തിന്റെ പേരില്‍ തന്റെ സമൂഹത്തില്‍ നിന്നും പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭൂമിയില്‍ നിന്നും തന്നെ പുറത്താക്കപ്പെടുമെന്നുമുള്ള വറഖത്ത് ബ്നു നൗഫലിന്റെ സംസാരം കേട്ടപ്പോള്‍ നമ്മുടെ റസൂൽ ﷺ തിരിച്ചു ചോദിച്ചു :

أَوَمُخْرِجِيَّ هُمْ ؟

അവർ എന്നെ പുറത്താക്കുന്നവരാണോ?

قَالَ وَرَقَةُ : نَعَمْ، لَمْ يَأْتِ رَجُلٌ بِمَا جِئْتَ بِهِ إِلَّا أُوذِيَ

വറഖത്ത് ബ്നു നൗഫൽ رحمه الله പറഞ്ഞു : “അതെ. നീ കൊണ്ട് വന്നിട്ടുള്ള കാര്യവുമായി ഒരാളും തന്നെ വന്നിട്ടില്ല അവനെ ഉപദ്രവിക്കപ്പെട്ടിട്ടല്ലാതെ”.

തൗഹീദ് മുറുകെ പിടിക്കുന്നവര്‍ക്കുള്ള സമാശ്വാസനം ആണ് ഈ സംസാരത്തിലുള്ളത്.

(فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِینَ)

[[ അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. മുശ്‍രിക്കീങ്ങളിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക ]]

മുശ്‍രിക്കീങ്ങളാകട്ടെ തൗഹീദിനെ എതിർക്കുന്ന ഏതൊരു വിഭാഗമാകട്ടെ, തൗഹീദിനെ ഉറക്കെ പ്രഖ്യാപിക്കാനും അവരുടെ നാശമടയുന്ന കുതന്ത്രങ്ങളെ വിലകൽപ്പിക്കാതെ മുന്നോട്ടു പോകാനും തന്റെ നബിയോടും ﷺ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവരോടും അല്ലാഹു തആല കൽപിക്കുന്നു.

[[وَٱلۡعَـٰقِبَةُ لِلۡمُتَّقِینَ]]
അല്ലാഹുവേ മാത്രം ആരാധിച്ചു അവനിൽ യാതൊന്നും പങ്കുചേർക്കാതെ അല്ലാഹുവേ സൂക്ഷിച്ചു ജീവിച്ചവർക്കാകുന്നു നല്ല പര്യവസാനം.

നമ്മുടെ പണ്ഡിതന്മാർക്ക് എതിരെയുള്ള സംസാരത്തെ എതിർക്കേണ്ട നിർബന്ധബാധ്യത മനസ്സിലാക്കിക്കൊണ്ട് ചുരുക്കത്തില്‍ തയ്യാറാക്കിയത്.

📝 സഅ്ദ് ബ്നു ഉമർ وفقه الله
🗓️ റജബ് 21 – 1443

وسبحانك وبحمدك لا إله الا أنت أستغفرك وأتوب إليك وصلى الله على محمد وعلى من اتبع هداه إلى يوم الدين والحمد لله رب العالمين