ദുൽ ഹിജ്ജയിലെ ആദ്യ പത്തിന്റെ ചില ശ്രേഷ്ഠതകൾ - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

തന്റെ അടിമകൾക്ക് സൽകർമങ്ങൾ അധികരിപ്പിക്കാനുള്ള അവസരങ്ങൾ അല്ലാഹു ഉണ്ടാക്കിയിരിക്കുന്നു എന്നത് അവന്റെ അങ്ങേയറ്റത്തെ കാരുണ്യത്തിലും അനുഗ്രഹത്തിലും പെട്ടതാണ്. അതിൽ പെട്ടതാണ് ദുൽ ഹിജ്ജയിലെ ആദ്യ 10 ദിനങ്ങൾ.

അല്ലാഹു പറഞ്ഞിരിക്കുന്നു:
{وَالْفَجْرِ. وَلَيَالٍ عَشْرٍ}

 [الفجر:1-2]

(പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികൾ തന്നെയാണ് സത്യം.)

ഇബ്നു കസീർ رحمه الله പറഞ്ഞു: “ഇബ്‌നു അബ്ബാസും ഇബ്‌നു സുബൈറും മുജാഹിദും رضي الله عنهم പറഞ്ഞതുപോലെ
ഇതു കൊണ്ടുള്ള ഉദ്ദേശം, ദുൽഹിജ്ജയിലെ പത്തു ദിവസങ്ങളാണ്.”

അല്ലാഹു ഈ ദിവസങ്ങളെകൊണ്ട് സത്യം ചെയ്തിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ ദിവസങ്ങളുടെ ശ്രേഷ്ഠതയെയും മഹത്വത്തെയുമാണ്. ആ ദിവസങ്ങളെ ജനങ്ങൾ കൂടുതലായി പരിഗണിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കുന്നതിന് വേണ്ടിയും. അല്ലാഹു ചില ദിവസങ്ങളെ മറ്റുള്ള ദിവസങ്ങളെക്കാൾ ശ്രേഷ്ഠമാക്കിയിരിക്കുന്നു. ഒരു മുസ്ലിം ആ ദിവസങ്ങളിൽ സൽകർമങ്ങൾ വർദ്ധിപ്പിക്കുകയും ധാരാളം പ്രതിഫലം കരസ്ഥമാക്കപെടുകയും ചെയ്യുന്നതിന് വേണ്ടിയാണത്.

അല്ലാഹു പറഞ്ഞു:

{وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ}

الحج:28

ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു:
“അത് ദുൽ ഹിജ്ജയിലെ പത്ത് ദിവസങ്ങളാണ്.”

ഈ ദിവസങ്ങളിലാണ് അല്ലാഹു ഹജ്ജിനെ നിയമമാക്കിയിട്ടുള്ളത്:

അല്ലാഹു പറഞ്ഞു:

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ

الحج:28

[അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകാനും അല്ലാഹു അവർക്ക് നൽകിയിട്ടുള്ള നാൽക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്.]

റസൂൽ صلى الله عليه وسلم പറഞ്ഞു:

“മറ്റു ദിവസങ്ങളിൽ ചെയ്യുന്ന സൽകർമങ്ങളേക്കാൾ ദുൽ ഹിജ്ജയിലെ ആദ്യ പത്തിൽ ചെയ്യുന്ന സൽ കർമ്മങ്ങളാണ് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ മഹത്വമുള്ളതും ഇഷ്ടമുള്ളതും. അതുകൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തക്ബീറും (الله أكبر) തഹ്മീദും ( الحمد لله) തഹ്‌ലീലും ( لا إله إلا الله) വർദ്ധിപ്പിക്കുക”.

ഇമാം ബുഖാരി رحمه الله പറഞ്ഞു:

“ഇബ്നു ഉമറും അബൂ ഹുറൈറയും رضي الله عنهم ദുൽ ഹിജ്ജ പത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് അങ്ങാടിയിലേക്ക് പുറപ്പെടുമായിരുന്നു. അതുകേട്ട് അവിടെയുള്ളവരും തക്ബീർ ചൊല്ലുമായിരുന്നു.”

ഇമാം ബുഖാരി رحمه الله പറഞ്ഞു:
“ഉമർ رضي الله عنه മിനായിൽ അദ്ദേഹത്തിന്റെ ടെന്റിൽ വെച്ചും പള്ളിയിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുമായിരുന്നു. അതുകേട്ട് പള്ളിയിലുള്ളവരും അങ്ങാടികളിലുള്ളവരും തക്ബീർചൊല്ലും, എത്രത്തോളമെന്നാൽ തക്ബീറുകൊണ്ട് മിനാ പ്രകമ്പനംകൊള്ളുമാർ ഉച്ചത്തിൽ.”

ബറകത്താക്കപ്പെട്ട ദിവസങ്ങളാണ് ഇത്, ഒരു മുസ്ലിം അതിനെ സന്തോഷത്തോടുകൂടി സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാഹു നിയമമാക്കിയ കാര്യങ്ങളെകൊണ്ട് ആ ദിവസങ്ങളെ ഉപയോഗപ്പെടുത്തുക.

അല്ലാഹുവിന്റെ അനുസരണയിലാണ് ഒരു മുസ്ലിമിന്റെ ജീവിതമെങ്കിൽ അത് മുഴുവനും ഖൈറാണ്, എന്നാൽ അല്ലാഹു അവന്റെ അടിമകൾക്ക് കൂടുതൽ സൽകർമങ്ങൾ ചെയ്യുന്നതിന് പ്രചോദനമേകിക്കൊണ്ട് ചില ദിവസങ്ങളേയും സമയങ്ങളെയും അവൻ ശ്രേഷ്ഠമാക്കിയിരിക്കുന്നു. എന്നാൽ ഖേദകരമായകാര്യം ജനങ്ങളിൽ അധികവും അവയെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ അതിലൂടെ കടന്നുപോകുന്നു. അവയെ ഉപയാഗപ്പെടുത്തില്ലെന്നു മാത്രമല്ല, ആ സമയങ്ങളിൽ അവർ തിന്മകളിൽ മുഴുകുകയും ചെയ്യുന്നു. ഇന്റർനെറ്റിലും സോഷ്യൽ മീഡിയകളിലും അങ്ങാടികളിലും കച്ചവടത്തിലും ജോലികളിലും വ്യാപൃതരാകുന്നു. ഒരു മുസ്ലിം അവന്റെ ഉപജീവനം തേടേണ്ടതുണ്ട് പക്ഷേ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തന്നതിനെതൊട്ട് അത് അവനെ തിരക്കിലാക്കാൻ പാടില്ല. ഇവ രണ്ടും അവൻ ഒന്നിച്ചുകൊണ്ടു പോകട്ടെ. അല്ലാഹു ഈ ദുനിയാവിൽ നമുക്ക് ആവശ്യമായത് സമ്പാദിക്കുന്നതിനെ തടയുന്നില്ല എന്നാൽ പരലോകത്തെ തൊട്ട് ദുനിയാവിൽ വ്യാപൃതനാകുന്നതിനെ വിരോധിച്ചിട്ടുണ്ട്.

അല്ലാഹു പറഞ്ഞു:

يَا أَيُّهَا الَّذِينَ آمَنُوا لا تُلْهِكُمْ أَمْوَالُكُمْ وَلا أَوْلادُكُمْ عَنْ ذِكْرِ اللَّهِ وَمَنْ يَفْعَلْ ذَلِكَ فَأُولَئِكَ هُمُ الْخَاسِرُونَ

المنافقون:9

[ഹേ സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ, ആര് അങ്ങിനെ ചെയ്യുന്നുവോ അവർ തന്നെയാകും നഷ്ടക്കാർ.]

فَابْتَغُوا عِنْدَ اللَّهِ الرِّزْقَ وَاعْبُدُوهُ

العنكبوت:17

[അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവന് ഇബാദത്ത് ചെയ്യുകയും ചെയ്യുക].

അതുകൊണ്ട് ഒരു മുസ്ലിം അവന്റെ സ്വന്തം നഫ്സിനെയും ശ്രേഷ്ഠമായ സമയത്തെയും ശ്രദ്ധിക്കുക, അവൻ ഇപ്രകാരം പറയുന്നതിന് മുൻപായി:

يَا حَسْرَتَى عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ

الزمر:56

[എൻറെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ടതിൽ ഞാൻ വീഴ്ച വരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ!]

അതുകൊണ്ട് സമയത്തെ ഉപയോഗപ്പെടുത്താനും ശ്രേഷ്ഠമായ സമയങ്ങളിൽ അതു കഴിഞ്ഞു പോകുന്നതിന് മുൻപായി അതിനെ ഉപയോഗിക്കാനും നമ്മൾ സ്വയം ശ്രദ്ധിക്കുക, മറ്റുള്ളവരെ ഉണർത്തുക.

(ഫർളും സുന്നത്തുമായ നമസ്കാരങ്ങൾ, നോമ്പ്, സ്വദഖ, കുടുംബബന്ധം ചേർക്കൽ, മാതാപിതാക്കൾക്ക് നന്മചെയ്യൽ, അല്ലാഹുവിന് ദിക്ർ ചെയ്യൽ, ഖുർആൻ പാരായണം, ഇൽമ് പഠിക്കലും പഠിപ്പിക്കലും, ദീൻ പ്രബോധനം ചെയ്യൽ… തുടങ്ങിയ സൽകർമങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് ഈ അവസരം ഉപയോഗപ്പെടുത്തുക.)

وفق الله الجميع للعلم النافع والعمل الصالح، إنه سميع قريب مجيب، وصلى الله على نبينا محمد، وعلى آله، وأصحابه أجمعين.

[അഷെയ്ഖ് അൽ അല്ലാമാ സ്വാലിഹ് അൽ ഉതയ്മീൻ رحمه الله , അഷെയ്ഖ് അൽ അല്ലാമാ സ്വാലിഹ് അൽ ഫൗസാൻ حفظه الله, അഷെയ്ഖ് അബ്ദുൽ ഹമീദ് അൽ ഹജൂരി حفظه الله എന്നിവരുടെ രിസാലകളിൽ നിന്നും ക്രോഡീകരിച്ചത്.]

🖋 വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه ولجميع المسلمين