മുഹറം മാസത്തിന്റെ ശ്രേഷ്ഠതകൾ - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

തീർച്ചയായും മുഹറം മാസത്തിനു ശ്രേഷ്ഠതകളുണ്ട്. ഹിജ്‌റ വർഷത്തിലെ ഒന്നാമത്തെ മാസമാണത്.

അല്ലാഹു സുബ്ഹാനഹു വതആലാ, പവിത്രമാക്കിയ നാലു മാസങ്ങളിൽ ഒന്നാണ് പവിത്രമായ മുഹറം മാസം. 

അല്ലാഹു പറഞ്ഞു: 

إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ 

[ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു, അതിൽ നാലു മാസങ്ങൾ പവിത്രമായ മാസങ്ങളാകുന്നു.] (ഖുർആൻ 9:36).

ആ മാസങ്ങൾ ദുൽ ഖഅദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നിവയാണ്. ഈ മാസങ്ങളിൽ അല്ലാഹു തആലാ യുദ്ധം വിലക്കിയിരിക്കുന്നു.

അബൂ ബക്റ رضي الله عنه റിപ്പോർട്ട് ചെയ്ത ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസിൽ റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു: 

ഒരു വർഷത്തിൽ 12 മാസങ്ങളുണ്ട് അതിൽ 4 മാസങ്ങൾ പവിത്രമായതാണ്, ദുൽ ഖഅദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നിവയാണ് അവ. 

ഇമാം മുസ്ലിം ഉദ്ധരിച്ച അബൂ ഹുറയ്റ  رضي الله عنه റിപ്പോർട്ട് ചെയ്ത ഹദീസിൽ റസൂലുല്ലാഹി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു:

“റമദാനിലെ നോമ്പുകൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പുകൾ അല്ലാഹുവിന്റെ മാസമായ മുഹറത്തിലെ നോമ്പുകളാണ് “.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ മാസം മുഴുവനായോ  അല്ലെങ്കിൽ ഇതിലെ പകുതി ദിവസങ്ങളോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങളോ അല്ലെങ്കിൽ ആശൂറാ ദിവസം (മുഹറം 10) മാത്രമായോ ഒരാൾക്ക് നോമ്പെടുക്കാവുന്നതാണ്.

ഈ മാസത്തിലെ നോമ്പുകളിൽ വെച്ചു ഏറ്റവും ശ്രേഷ്ഠമായതാണ് ആശൂറാ (മുഹറം 10) യിലെ നോമ്പ്. 

റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു:

ആശൂറാ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്.”

( കഴിഞ്ഞ വർഷത്തിലെ ചെറുപാപങ്ങൾ ഈ ദിവസത്തിലെ നോമ്പ് കാരണത്താൽ പൊറുക്കപ്പെടും, എന്നാൽ വൻ പാപങ്ങളാകട്ടെ അവ തൗബ കൊണ്ടല്ലാതെ പൊറുക്കപ്പെടുകയില്ല.)

യഹൂദികളോട് എതിരാകുന്നതിനു വേണ്ടി ആശൂറാ നോമ്പിന് പുറമെ  മുഹറം 9ന് നോമ്പെടുക്കാം. കാരണം യഹൂദികൾ മുഹറം 10നു നോമ്പെടുക്കുന്നു. 

റസൂലുല്ലാഹി صلى الله عليه وسلم മുഹാജിറായി മദീനയെലെത്തിയപ്പോൾ യഹൂദികൾ ഈ ദിവസം നോമ്പെടുക്കുന്നതായി കണ്ടു. നബി صلى الله عليه وسلم അവരോട് ചോദിച്ചു: നിങ്ങൾ എന്തിനാണ് ഈ ദിവസം നോമ്പെടുക്കുന്നത്?

അവർ പറഞ്ഞു: ഈ ദിവസത്തിലാണ് മൂസാ നബിയെയും അദ്ദേഹത്തിന്റെ ജനതയെയും അല്ലാഹു രക്ഷപ്പെടുത്തിയതും ഫിർഔനിനെയും അവന്റെ ആളുകളെയും മുക്കിക്കളയുകയും ചെയ്തത്. അങ്ങിനെ മൂസാ عليه السلام അല്ലാഹുവിനോട് നന്ദി കാണിച്ചുകൊണ്ട് ഈ ദിവസം നോമ്പെടുത്തു, അതുകൊണ്ട് ഞങ്ങളും നോമ്പെടുക്കുന്നു.

അപ്പോൾ അദ്ദേഹം صلى الله عليه وسلم പറഞ്ഞു: മൂസാ عليه السلام ന്റെ കാര്യത്തിൽ നിങ്ങളെക്കാൾ അർഹതപ്പെട്ടവർ ഞങ്ങളാണ്.

അങ്ങിനെ അദ്ദേഹം صلى الله عليه وسلم നോമ്പെടുക്കുകയും നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തു. 

എന്തെന്നാൽ അല്ലാഹു തആലാ പറഞ്ഞു:

أُوْلَـئِكَ الَّذِينَ هَدَى اللّهُ فَبِهُدَاهُمُ اقْتَدِهْ

[അവരെ (നബിമാരെ) യാണ്  അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്, അതിനാൽ അവരുടെ മാർഗത്തെ നീ പിന്തുടരുക.]

[ഖുർആൻ 6:90]

ഇത് നിർബന്ധമായ നോമ്പല്ല എന്നാൽ വളരെ സ്ഥിരപ്പെട്ട സുന്നത്താണ്. ഈ നോമ്പിലൂടെ മൂസാ عليه السلام യെയും മുഹമ്മദ്  صلى الله عليه وسلم യെയും പിൻപറ്റലാണ്, ഈ ദിവസം മൂസാ عليه السلام യുടെ കൈകളിലൂടെ അല്ലാഹു മുസ്ലീങ്ങൾക്ക് പ്രതാപം (عِزّٙة) നൽകിയ ദിവസമാണ്, അത് ഖിയാമത് നാൾ വരെക്കുമുള്ള അല്ലാഹുവിന്റെ സഹായവുമാണ്, അത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്, അതിന് അല്ലാഹുവിനോടുള്ള  ശുക്ർ ആയിക്കൊണ്ട് ഈ ദിവസം അവൻ നോമ്പെടുക്കട്ടെ.

🖋 അഷെയ്ഖ് അൽ-അല്ലാമ സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ حفظه الله

المصدر: http://www.alfawzan.af.org.sa/ar/node/7493

വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه