ചില പണ്ഡിതന്മാർ തെറ്റുകളിൽ വീഴുന്നതിന് പിന്നിലെ ഹിക്മത്ത് - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

അൽ അല്ലാമ അബ്ദു റഹ്മാൻ അൽ-മുഅല്ലിമീ അൽ-യമാനീ (رحمه الله) പറഞ്ഞു:

“നീ അറിയുക, അല്ലാഹു തആലാ ചിലപ്പോൾ ചില ആത്മാർത്ഥരായ ആളുകളെ മറ്റുള്ളവർക്ക് പരീക്ഷണമായിക്കൊണ്ട് ചില അബന്ധങ്ങളിൽ വീഴ്ത്താറുണ്ട്. അവർ അദ്ദേഹത്തിന്റെ വാക്കുകളെ ഒഴിവാക്കി സത്യത്തെ പിന്തുടരുന്നുവോ അതല്ല അദ്ദേഹത്തിന്റെ ശ്രേഷ്ഠതയിലും മഹത്വത്തിലും വഞ്ചിതരായിപ്പോകുകയാണോ ചെയ്യുന്നത് (എന്ന് പരീക്ഷിക്കാൻ വേണ്ടി).

അദ്ദേഹത്തിന് (തെറ്റ് പറ്റിയ പണ്ഡിതനു) ഒഴികഴിവ് നൽകപ്പെടുമെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഇജ്ത്തിഹാദിനും, സദുദ്ദേശത്തിനും, അതിൽ വീഴ്ച  വരുത്താതിനാലും, പ്രതിഫലം നൽകപ്പെടും.

എന്നാൽ കിതാബിലും റസൂലിന്റെ (صلَّى الله عليه وسلَّم) സുന്നത്തിലും സ്ഥിരപ്പെട്ട തെളിവുകൾ നോക്കാതെ അദ്ദേഹത്തിന്റെ മഹത്വത്തിൽ വഞ്ചിതനായി അദ്ദേഹത്തെ പിൻപറ്റുന്നവനാകട്ടെ, അവനു ഒഴിവുകഴിവ് നല്കപ്പെടുകയില്ല മറിച്ച് അവൻ വലിയ അപകടത്തിലുമാണ്.

ഉമ്മുൽ മുഅ്മിനീൻ ആഇശ (رضي الله عنها) ഒട്ടകത്തിന്റെ സംഭവത്തിന് മുൻപ് ബസ്റയിലേക്ക് പോയപ്പോൾ, അലി (رضي الله عنه)  അദ്ദേഹത്തിന്റെ മകൻ ഹസനേയും, അമ്മാർ ഇബ്‌നു യാസിറിനെയും ജനങ്ങളെ ഉപദേശിക്കാനായി അവരെ (ആഇശ رضي الله عنها) തുടർത്തി  അയച്ചു.

അമ്മാർ رضي الله عنه ബസ്റയിലെ ജനങ്ങളോടായി പറഞ്ഞതിൽ നിന്നും  “അല്ലാഹുവാണെ, ഇവർ ദുനിയാവിലും ആഖിറത്തിലും നിങ്ങളുടെ നബിയുടെ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ഭാര്യയാണ്. എന്നാൽ നിങ്ങൾ അവനെ തന്നെയാണോ അനുസരിക്കുന്നത് അതല്ല അവരെയാണോ അനുസരിക്കുന്നതെന്ന് അറിയാൻ അല്ലാഹു അവരിലൂടെ  നിങ്ങളെ പരീക്ഷിക്കുകയാണ്.”

ഇതേ ആശയത്തിലുള്ള മറ്റു വലിയ ഉദാഹരണങ്ങളിൽ പെട്ടതാണ്  നബി (صلى الله عليه وسلم) യുടെ മരണ ശേഷം, ഫാത്തിമ رضي الله عنها അവരുടെ പിതാവിന്റെ (صَلَّى اللهُ عَلَيْهِ وَسَلَّمَ) അനന്തരാവകാശം ആവിശ്യപെട്ടത്. അത് സിദ്ദീഖി رضي الله عنه ന് മേലുള്ള വലിയ ഒരു പരീക്ഷണമായിരുന്നു, അല്ലാഹു അതിൽ അദ്ദേഹത്തെ  (സത്യത്തിൽ) ഉറപ്പിച്ചു നിർത്തി.

📚(رفع الاشتباه عن معنى العبادة والإله  (١٥٢ ـ ١٥٣)

(റഫ്ഉൽ ഇഷ്തിബാഹ് ‘അൻ മ’അ്നൽ  ഇബാദ വൽ ഇലാഹ് പേജ്: 152-153)